ഇതാണോ രാഹുല്‍ ഗാന്ധിയുടെ 'ആറ്റംബോംബ്'?, രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കിരണ്‍ റിജിജു

Update: 2025-11-05 10:48 GMT

ഡല്‍ഹി: 'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി' എന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണങ്ങളെ പരിഹസിച്ച് ബിജെപി. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ പരിഹസിച്ച കേന്ദ്രമന്ത്രി കിരണ്‍ റിജിജു, ഇതാണോ രാഹുല്‍ ഗാന്ധിയുടെ 'ആറ്റംബോംബ്'? എന്ന് ചോദിച്ചു. ജനാധിപത്യത്തില്‍ പരാജയം അംഗീകരിക്കുകയാണ് മര്യാദ. പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കണമെന്നും കിരണ്‍ റിജിജു പറഞ്ഞു.

രാഹുല്‍ പത്രക്കാരുടെയും രാജ്യത്തിന്റെയും സമയം കളയുകയാണ്. വോട്ടര്‍ പട്ടിക പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതാണ്. പരാതിയുണ്ടെങ്കില്‍ അത് അറിയിക്കാന്‍ വ്യവസ്ഥകളുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നത് അതാണെന്നും കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി. രാഹുല്‍ നയിച്ചാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നുണ്ടെന്നും റിജിജു പരിഹസിച്ചു.

തിരഞ്ഞെടുപ്പുകളില്‍ ബിജെപി കഠിനമായി പരിശ്രമിക്കുന്നതു കൊണ്ടാണ് വിജയിക്കുന്നത്. പോളിങ് ബൂത്തില്‍ ഏജന്റുമാര്‍ ഉണ്ടാകും, നിരീക്ഷകരുണ്ടാകും. ഇവര്‍ നടപടികള്‍ നിരന്തരം പരിശോധിക്കും. രാജ്യത്തെ യുവജനത മോദിക്ക് ഒപ്പമാണെന്നും റിജിജു കൂട്ടിചേര്‍ത്തു.

Tags: