'മുസ് ലിമായതുകൊണ്ടാണോ ഇങ്ങനെ?';കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഗുരുഗ്രാമില്‍ കസ്റ്റഡിയിലെടുത്തത് 200ലധികം ബംഗാളി തൊഴിലാളികളെ

Update: 2025-07-28 09:42 GMT

ശ്രീവിദ്യ കാലടി

ഗുരുഗ്രാം: പാലായനത്തിന്റെ ദുരിതകാഴ്ചകളാണ് ഹരിയാനയിലെ ഗുരുഗ്രാമിലെങ്ങും. ഗുരുതരമായ മാനുഷിക പ്രതിസന്ധി എന്നൊരുപക്ഷേ പറയാന്‍ പാകത്തിന് അത് വളര്‍ന്നു കഴിഞ്ഞു. മതവും ഭാഷയും ജീവിതത്തിന് തടസ്സമായി വന്നപ്പോള്‍, ആയിരക്കണക്കിന് ബംഗാളി വംശജരായ മുസ് ലിം കുടിയേറ്റ തൊഴിലാളികള്‍ നഗരം വിട്ടുപോകാന്‍ തുടങ്ങി.


ഭാഷയും മതവും കാരണം തങ്ങളെ നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കുകയും പല രീതിയിലും ഉപദ്രവിക്കുകയും ചെയ്യുകയാണെന്ന് ഇവിടുത്തുകാര്‍ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 200ലധികം പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപോര്‍ട്ടുകള്‍. അവരില്‍ ഭൂരിഭാഗവും ബംഗാളി സംസാരിക്കുന്ന മുസ് ലിം തൊഴിലാളികളാണ്. മനേസറിലെ ബാദ്ഷാപൂര്‍, സെക്ടര്‍ 10എ, സെക്ടര്‍ 40, സെക്ടര്‍ ഒന്ന് തുടങ്ങിയ പ്രദേശങ്ങളിലെ താല്‍ക്കാലിക കേന്ദ്രങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. എന്തിനാണ് തങ്ങളെ കസ്റ്റഡിയിലെടുത്തത്, തങ്ങളുടെ ബന്ധുക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ, അവരൊക്കെ എവിടെയാണ്, ഇതിനെതിരേ തങ്ങള്‍ക്ക് എന്ത് നിയമനടപടിയാണ് സ്വീകരിക്കാന്‍ കഴിയുക എന്നിങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് തങ്ങളുടെ മുന്നില്‍ അവശേഷിക്കുന്നതെന്ന് ഇവര്‍ പറയുന്നു.


'അവര്‍ ഞങ്ങളോട് ഒന്നും പറഞ്ഞില്ല. അവര്‍ ഞങ്ങളുടെ ഫോണുകള്‍ എടുത്തു, സ്വിച്ച് ഓഫ് ചെയ്തു, ഞങ്ങളുടെ കുടുംബങ്ങളെ വിളിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് സെക്ടര്‍ 31 ലെ ഒരു കമ്മ്യൂണിറ്റി ഹാളില്‍ പൂട്ടിയിട്ടു. മൂന്ന് ദിവസത്തേക്ക് ഞങ്ങളെ അവിടെ പാര്‍പ്പിച്ചു. മുസ് ലിംകളായതുകൊണ്ട് മാത്രം അവര്‍ ഞങ്ങളെ ശിക്ഷിക്കുന്നതായാണ് എനിക്ക് തോന്നിയത്.' ഷക്കര്‍പൂര്‍ ഗ്രാമത്തിലെ ഒരു തൊഴിലാളി വിവരിച്ചു. ഭക്ഷണം ചോദിച്ചപ്പോള്‍ നിങ്ങള്‍ നോമ്പെടുക്കാറില്ലേ എന്ന മറുചോദ്യമാണ് അവര്‍ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിശപ്പ് സഹിക്കാനാവാതെ വരുമ്പോള്‍ പഴകിയ ഭക്ഷണങ്ങള്‍ തരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഈ തൊഴിലാളികള്‍ പതിറ്റാണ്ടുകളായി ഗുരുഗ്രാമില്‍ താമസിക്കുന്നവരാണ്. നിര്‍മ്മാണം, വീട്ടുജോലികള്‍, ശുചീകരണം, ഡ്രൈവിംഗ് തുടങ്ങിയ മേഖലകളിലാണ് അവര്‍ ജോലി ചെയ്യുന്നത്. ആധാര്‍ കാര്‍ഡുകള്‍, വോട്ടര്‍ ഐഡികള്‍ തുടങ്ങിയ രേഖകളുള്ള ഇന്ത്യന്‍ പൗരന്മാരായിരുന്നിട്ടും ഇപ്പോള്‍ അവര്‍ 'നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാര്‍' ആയി മാറി.

ഒരു പ്രാദേശിക നേതാവ് പറഞ്ഞത്, 'അറസ്റ്റ് മെമ്മോ ഇല്ല, വിശദീകരണമില്ല, എന്തിനാണ് അവരെ കസ്റ്റഡിയിലെടുത്തത് എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല' എന്നാണ്. '20-30 വര്‍ഷമായി ഇവിടെ താമസിക്കുന്ന, റേഷന്‍ കാര്‍ഡുകളും വോട്ടര്‍ ഐഡികളും ഉള്ള ആളുകളെ ഇപ്പോള്‍ വേട്ടയാടുകയും പുറത്തുനിന്നുള്ളവര്‍ എന്ന് വിളിക്കുകയും ചെയ്യുന്നു,'' ''ഇത് നിയമപാലനമല്ല, വര്‍ഗീയതയാണ്'' ആക്ടിവിസ്റ്റ് നദീം ഖാന്‍ പറഞ്ഞു. ഇവിടെ സംഭവിക്കുന്നത് വംശീയ കുടിയേറ്റമാണെന്ന് മറ്റൊരു ആക്ടിവിസ്റ്റായ ലൈക്ക് അഹമ്മദ് ഖാന്‍ പറഞ്ഞു.

'ഈ നഗരം അവരുടെ കഠിനാധ്വാനം കൊണ്ടാണ് നിര്‍മ്മിച്ചത്, ഇപ്പോള്‍ അത് അവരോട് കുറ്റവാളികളെപ്പോലെയാണ് പെരുമാറുന്നത്. സ്വന്തം രാജ്യത്ത് അവര്‍ പൗരരല്ലാതായി തീരുന്നു.' അഭിഭാഷകന്‍ എം. ഹുസൈഫ പറഞ്ഞു.

ഇപ്പോള്‍, തങ്ങളെ കസ്റ്റഡിയിലെടുക്കുകയോ ആക്രമിക്കുകയോ ചെയ്യുമെന്ന ഭയം കാരണം, ആളുകള്‍ പശ്ചിമ ബംഗാളിലേക്ക് തിരിച്ചുപോകുകയാണ്. പല ഗ്രാമങ്ങളും കാലിയാവുകയാണ്.

കടപ്പാട് : the observer post

Tags: