'അതിവേഗ റെയില്‍ പാതയ്ക്കായി ഇ ശ്രീധരനെ കേന്ദ്രം ചുമതലപ്പെടുത്തിയതിന് തെളിവുണ്ടോ?'; വ്യവസായ മന്ത്രി പി രാജീവ്

Update: 2026-01-30 14:48 GMT

തിരുവനന്തപുരം: കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ അതിവേഗ റെയില്‍ പാതയെക്കുറിച്ചോ, അതിന്റെ ചുമതല മെട്രോമാന്‍ ഇ ശ്രീധരനെ ഏല്‍പ്പിച്ചതിനെക്കുറിച്ചോ സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇ ശ്രീധരനെ പദ്ധതിക്കായി ചുമതലപ്പെടുത്തിയതിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂ. ശ്രീധരനെ സ്‌പെഷ്യല്‍ ഓഫീസറായി കേന്ദ്രം നിയമിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം ഔദ്യോഗികമായി അറിയിക്കട്ടെയെന്നും, അതിനുശേഷം ചര്‍ച്ച ചെയ്യാമെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്നും പി രാജീവ് പറഞ്ഞു.

സംസ്ഥാനത്ത് അതിവേഗ റെയില്‍ പാത വേണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്. എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ നീക്കങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. വ്യവസായ മേഖലക്ക് കുതിപ്പുണ്ടാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റില്‍ പറയുന്ന കാര്യങ്ങള്‍ സുഖമായി നടപ്പിലാക്കാന്‍ പറ്റുന്ന സര്‍ക്കാര്‍ വരണമെന്നും കെ-റെയില്‍ ഒറ്റക്ക് നടപ്പിലാക്കാന്‍ പറ്റുന്നതായിരുന്നെങ്കില്‍ ഇതാകുമായിരുന്നോ സ്ഥിതിയെന്നും മന്ത്രി ചോദിച്ചു. ഹൈസ്പീഡ് കണക്ടിവിറ്റി നമുക്ക് വേണം. കേന്ദ്ര ബജറ്റില്‍ അതിവേഗ റെയില്‍ പ്രഖ്യാപിക്കുമെങ്കില്‍ അത് സ്വീകരിക്കാമെന്നും പി രാജീവ്.

മറ്റന്നാള്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, അതില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്താമല്ലോയെന്നും രാജീവ് ചോദിച്ചു. സാങ്കേതികമായ കാര്യങ്ങള്‍ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം വിശദമായി ചര്‍ച്ച ചെയ്യാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും പി രാജീവ് പറഞ്ഞു. അതിവേഗ റെയില്‍ പാതയ്ക്കായി ആര്‍ആര്‍ടിഎസ് മോഡല്‍ കൊണ്ടുവരുന്നതിനെ കേന്ദ്ര നഗര വികസന മന്ത്രി പരസ്യമായി പിന്തുണച്ചിട്ടുള്ളതാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമായി ഇത്തരം മാതൃകകള്‍ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്ന സൂചനകള്‍ക്കിടയിലാണ് സര്‍ക്കാരിന്റെ ഈ പ്രതികരണം.

അതേസമയം, സ്പ്രിന്‍ക്ലര്‍ ഇവിടെ വരേണ്ടുന്ന സ്ഥാപനമായിരുന്നെന്നും പ്രതിപക്ഷമാണ് കേരളത്തിന് പുറത്തേക്ക് ഓടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധി വന്നപ്പോള്‍ അവര്‍ക്ക് സന്തോഷമായോയെന്നും മന്ത്രി ചോദിച്ചു. സൂര്യന് കീഴിലെ എല്ലാത്തിനെപ്പറ്റിയും അറിവുണ്ടെന് കരുതരുത്. അറിയാത്ത കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് മനസ്സിലാക്കണം. അങ്ങേയറ്റം വസ്തുതാ വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് പ്രതിപക്ഷനേതാവ് ആധികാരികമായി പറയുന്നത്. അനാവശ്യ വിവാദം ഉണ്ടാക്കി. ശരിയായ രൂപത്തില്‍ ചര്‍ച്ച ചെയ്തിരുന്നേല്‍ ഇത് ഉണ്ടാവില്ലായിരുന്നു. കേരളത്തിലേക്ക് വരേണ്ട വലിയൊരു നിക്ഷേപം മുടക്കിയ പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണമെന്നും പി രാജീവ് പറഞ്ഞു.

Tags: