'യുവാക്കളുടെ മരണവും കോവിഡ് വാക്‌സിനും തമ്മില്‍ ബന്ധമുണ്ടോ?'; എയിംസ് പഠനം പറയുന്നതിങ്ങനെ

Update: 2025-12-16 13:15 GMT

ന്യൂഡല്‍ഹി: കോവിഡിനുശേഷം ചെറുപ്പക്കാര്‍ക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും കോവിഡ്-19 വാക്സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് എയിംസ് പഠനം. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്)നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ മുഖപത്രമായ 'ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്' ലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു വര്‍ഷം നീണ്ടു നിന്ന ഗവേഷണത്തില്‍ കോവിഡ് വാക്സിനും ഹൃദയാഘാതം മൂലമുള്ള മരണവും തമ്മില്‍ ബന്ധിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനായില്ലെന്നും എയിംസ് പഠനം പറയുന്നു. 18-45 വയസ് പ്രായമുള്ളവരിലും 46-65 വയസുള്ളവരിലുമാണ് ഗവേഷകര്‍ പഠനം നടത്തിയത്.

ഹൃദയ സംബന്ധമായ അസുഖങ്ങളാണ് മിക്ക മരണങ്ങള്‍ക്കും പ്രധാന കാരണമെന്ന് ഗവേഷകര്‍ കണ്ടെത്തി. നിരവധി കേസുകളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങളുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിലെ പോസ്റ്റ്മോര്‍ട്ടം ഇമേജിങ്, ഓട്ടോപ്സി, ഹിസ്റ്റോപാത്തോളജിക്കല്‍ പരിശോധനകള്‍ എന്നിവ ഗവേഷകര്‍ വിലയിരുത്തി. തുടര്‍ന്ന്, ചെറുപ്പക്കാരിലുണ്ടായ മരണങ്ങളും കോവിഡ്-19 വാക്‌സിനേഷനും തമ്മില്‍ ബന്ധമില്ലെന്നതാണ് നിഗമനം. കോവിഡ്-19 വാക്സിനുകളും പെട്ടെന്നുള്ള മരണങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളും പ്രചരിക്കുന്ന സമയത്ത് ഈ പഠനം വളരെ പ്രധാനമാണെന്ന് എയിംസിലെ പ്രൊഫസര്‍ ഡോ. സുധീര്‍ അരവ പറഞ്ഞു. ഗവേഷണത്തിലെ കണ്ടെത്തലുകള്‍ അത്തരം അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചെറുപ്പക്കാര്‍ക്കിടയിലുള്ള പെട്ടന്നുള്ള മരണങ്ങള്‍ ദാരുണമാണ്. എന്നാല്‍ പലപ്പോഴും രോഗനിര്‍ണയം നടത്താത്ത ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരം മരണങ്ങള്‍ക്ക് പിന്നിലെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാതെ പോകുന്നതും മരണങ്ങളുടെ നിരക്ക് കൂട്ടുന്നുണ്ട്. ഇത് ഒഴിവാക്കാനായി കൃത്യമായ ഇടവേളകളില്‍ സമഗ്ര ആരോഗ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. കൂടാതെ ആരോഗ്യകരമായ ജീവിത ശൈലി നയിക്കുക, സമയബന്ധിതമായി വൈദ്യ സഹായം നേടുക എന്നതും പ്രധാനപ്പെട്ടതാണ്. വാക്സിനേഷനുമായി ബന്ധപ്പെട്ട തെറ്റായ അവകാശവാദങ്ങള്‍ വിശ്വസിക്കരുതെന്നും ഇക്കാര്യത്തില്‍ ശാസ്ത്രീയ സ്രോതസ്സുകളെ മാത്രം വിശ്വസിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഐസിഎംആര്‍ പഠനം പറയുന്നത്

വാക്‌സിന്‍ സ്വീകരിക്കുന്നതിനുമുന്‍പ് കോവിഡ്-19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ പെട്ടെന്നുള്ള മരണസാധ്യത നാലിരട്ടിയായിരുന്നു. വാക്സിന്റെ രണ്ടുഡോസ് സ്വീകരിച്ചത് രോഗം ഗുരുതരമാവുന്നതും മരണസാധ്യതയും കുറച്ചുവെന്നാണ് ഐസിഎംആര്‍ പഠനം പറയുന്നത്. ജനിതകകാരണങ്ങള്‍, മദ്യപാനം, ആയാസകരമായ വ്യായാമങ്ങള്‍, ജീവിതശൈലി, കോവിഡാനന്തര സങ്കീര്‍ണതകള്‍ തുടങ്ങിയവയൊക്കെയാണ് യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിന് കാരണങ്ങളെന്നാണ് നിഗമനം. 18നും 45നും ഇടയില്‍ പ്രായമുണ്ടായിരുന്നവരില്‍ രണ്ടു പഠനങ്ങളാണ് ഐസിഎംആര്‍ നടത്തിയത്. 19 സംസ്ഥാനങ്ങളിലെ 47 ആശുപത്രികളില്‍ അകാലമരണം സംഭവിച്ച 726 പേരുടെ വിവരങ്ങളാണ് ആദ്യം വിശകലനം ചെയ്തത്.

രക്തം കട്ടപിടിക്കുന്നതടക്കമുള്ള രോഗങ്ങളുമായി ചികില്‍സയിലുണ്ടായിരുന്ന 292 രോഗികളിലായിരുന്നു രണ്ടാമത്തെ പഠനം. നേരത്തേത്തന്നെയുണ്ടായിരുന്ന രോഗം, വാക്സിന്‍ സ്വീകരിക്കുംമുന്‍പുതന്നെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നവര്‍, നിയന്ത്രണമില്ലാത്ത പുകവലി, ഒന്നിലധികം രോഗങ്ങള്‍ എന്നിവയൊക്കെയാണ് ഈ വിഭാഗത്തിലുള്ളവരെ മരണത്തിലേക്ക് നയിച്ചതെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.

Tags: