അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റിയിട്ട് അയപ്പസംഗമം നടത്തുന്നത് പാപഭാരം മറയ്ക്കാനോ?: വി ഡി സതീശന്‍

Update: 2025-09-19 06:12 GMT

തിരുവനന്തപുരം: അയ്യപ്പന്റെ നാലു കിലോ സ്വര്‍ണം അടിച്ചുമാറ്റിയ ആളുകളാണ് സര്‍ക്കാരിലും ദേവസ്വം ബോര്‍ഡിലുമിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സ്വര്‍ണം അടിച്ചുമാറ്റിയതിന്റെ പാപഭാരം മറയ്ക്കാനാണോ അയ്യപ്പസംഗമം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. അയ്യപ്പസംഗമം നടത്തുന്നതിന്റെ പരസ്യ ബോര്‍ഡ് വച്ചിട്ടുണ്ട്, അതില്‍ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഫോട്ടോ മാത്രമേ ഉള്ളു, അയ്യപ്പനെ പോലും കാണാനില്ലെന്നും വി ഡി സതീശന്‍ പരിഹസിച്ചു.

ഒരു കണക്കിന് അയ്യപ്പസംഗമം നടത്താന്‍ തീരുമാനിച്ചത് നന്നായെന്നും അതുകൊണ്ട് ആളുകള്‍ക്ക് എല്ലാം ഓര്‍മ്മ വന്നെന്നും അദ്ദാഹം പറഞ്ഞു. ആളുകളെ പറ്റിക്കാന്‍ കഴിയില്ലെന്നും ആളുകള്‍ എല്ലാം മനസിലാക്കുമെന്നും അദ്ദാഹം പറഞ്ഞു. അയ്യപ്പസംഗമം നടത്തുന്നതിനു മുമ്പ് ശബരിമലയിലെ സ്വര്‍ണം എവിടെപ്പോയി എന്ന് സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടതുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

തങ്ങള്‍ക്ക് മൂന്നു ചോദ്യങ്ങള്‍ സര്‍ക്കാരിനോട് ചോദിക്കാനുണ്ടെന്നും അതില്‍ കൃത്യമായ ഉത്തരം കിട്ടേണ്ടതുണ്ടെന്നും സതീശന്‍ പറഞ്ഞു.

ആചാരലംഘനത്തിനനുകൂലമായ സത്യവാങ്മൂലം തിരുത്താന്‍ തയ്യാറുണ്ടോ, നാമജപഘോഷയാത്ര നടത്തിയതുള്‍പ്പെടെ അന്നു നടത്തിയ സമരങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറുണ്ടോ , പത്തുകൊല്ലം തീരാറാവുമ്പോള്‍ ആണോ ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുന്നത് ഇത് ജനങ്ങളെ കബളിപ്പിക്കാനല്ലേ എന്നീ മൂന്നു ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറഞ്ഞേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: