'കടലാമയെ കുറിച്ചാണോ ഒരു കേന്ദ്ര ബജറ്റില്‍ പറയേണ്ടത്, കേരളത്തെ പൂര്‍ണമായും അവഗണിച്ചു'; കെ സി വേണുഗോപാല്‍

Update: 2026-02-01 10:10 GMT

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരേ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. മല എലിയെ പ്രസവിച്ചു എന്ന് പറയുന്നത് പോലെയാണ് ബജറ്റെന്നും കേരളത്തെ പൂര്‍ണമായും അവഗണിച്ചെന്നും ഇത്തവണയും എയിംസ് പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണത്തിനും കെ സി വേണുഗോപാല്‍ മറുപടി നല്‍കി. രാജീവ് ചന്ദ്രശേഖറിന്റെത് പൊള്ളയായ ന്യായീകരണമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. തിരുത്തലുകള്‍ നടത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളിലെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണോ ബജറ്റില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതെന്ന് ചോദിച്ച കെ സി വേണുഗോപാല്‍, കേരളം പദ്ധതികള്‍ നടപ്പിലാക്കിയില്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാണിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ബജറ്റില്‍ അവഗണിക്കുകയല്ല വേണ്ടതെന്നും പറഞ്ഞു. പാര്‍ലമെന്റിലെ ബജറ്റ് ചര്‍ച്ചയില്‍ വിയോജിപ്പ് അറിയിക്കും. കടലാമ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ടൂറിസം പ്രൊജക്റ്റാണെന്നാണ് പറഞ്ഞിരിക്കുന്നത്. അതാണോ ഒരു കേന്ദ്ര ബജറ്റില്‍ പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

'ധാതു ഇടനാഴിയേയും ആശങ്കയോടെ കാണാന്‍ കഴിയൂ. നമ്മുടെ ധാതുക്കള്‍ കടത്തികൊണ്ടുപോകാനുള്ള ശ്രമമാണോ എന്ന് നമ്മള്‍ മനസിലാക്കണമെങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വരണം. തീരദേശ മണല്‍ ഖനനം ചെയ്യാന്‍ അനുമതിയുണ്ടാകുമോ എന്ന് കണ്ടറിയണം. മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതും മല്‍സ്യസമ്പത്തും ആവാസ വ്യവസ്ഥയും ഇല്ലാതാക്കുന്നതുമായ പദ്ധതിയാണോ എന്ന് മനസിലാക്കേണ്ടതുണ്ട്. അതല്ലാതെ ഒരു പ്രഖ്യാപനം കൊണ്ട് സ്വാഗതം ചെയ്യാനാകില്ല' കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

വര്‍ഷങ്ങളായി കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന, കേരളം അര്‍ഹിക്കുന്ന പദ്ധതികള്‍ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. രാജ്യത്തിന്റെ ബജറ്റല്ലേ അവതരിപ്പിക്കുന്നത്. കേരളവും അതിന്റെ ഭാഗമല്ലേ. ആ ഭാഗമാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലാണ് ധനമന്ത്രിയുടെ ബജറ്റ്. കേരളത്തിനുവേണ്ടി കാര്യമായിട്ടൊന്നും ചെയ്യാന്‍ അവര്‍ തയ്യാറായിട്ടില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ആരെങ്കിലും അന്ധമായി പറഞ്ഞാല്‍ അത് വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍. അവര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി അറിയാം. ബജറ്റിലെ അവഗണന അവര്‍ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Tags: