'രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ നിറയൊഴിക്കും എന്ന് പറഞ്ഞത് നിസാര സംഭവമാണോ?': വി ഡി സതീശന്‍

Update: 2025-09-30 05:22 GMT

തിരുവനന്തപുരം:  നിയമസഭയില്‍ കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പ്രതിപക്ഷ നേതാവിന്റെ നെഞ്ചില്‍ വെടിയുണ്ട കയറ്റുമെന്ന ബിജെപി നേതാവ് പ്രിന്റു മഹാദേവിന്റെ പ്രസ്താവനക്കെതിരേയുള്ള പ്രമേയം ചര്‍ച്ച ചെയ്യണമെന്നാവശ്യം സ്പീക്കര്‍ തള്ളുകയായിരുന്നു.

പ്രതിപക്ഷം കേരള നിയമസഭയില്‍ കൊണ്ടു വന്ന പ്രമേയം, നിസാരമാണ് എന്ന മട്ടിലാണ് സര്‍ക്കാര്‍ പ്രമേയത്തിന് അനുമതി നല്‍കാത്തതെന്നും ഇത് ഒരു നിസാര വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പ്രസംഗം നടത്തിയ ആള്‍ക്കെതിരേ അത്രത്തോളം ഉന്നയിച്ചതിനുശേഷമാണ് ഒരു എഫ്‌ഐആറെങ്കിലും ഇടുന്നത്. എന്നാല്‍ പിണറായി വിജയനെ എന്തെങ്കിലും പറഞ്ഞാല്‍ പറഞ്ഞയാളെ വച്ചിരിക്കുമോ എന്നും അയാളെയും അയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പൂട്ടിക്കില്ലേ എന്നും അദ്ദേഹം ചോദിച്ചു.

യുഡിഎഫ് ഈ വിഷയത്തില്‍ ശക്തമായി തന്നെ മുന്നോട്ടുപോകുമെന്നും ശക്തമായ പ്രതിഷേധം നടത്തുമെന്നും രാഹുല്‍ ഗാന്ധിക്കെതിരേ നടക്കുന്ന ഏത് ഭീഷണിയും തങ്ങള്‍ എന്തു വില കൊടുത്തും പ്രതിരോധിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ബിജെപിയും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പുറത്തുവന്നത്. കേന്ദ്ര ഏജന്‍സികളെ ഭയക്കുന്ന മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. കൊടകര കുഴല്‍പ്പണക്കേസില്‍ എന്ത് സംഭവിച്ചുവെന്ന് നമ്മള്‍ കണ്ടതല്ലേ എന്നും വി ഡി സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ നിറയൊഴിക്കും എന്ന് പറഞ്ഞത് നിസാര സംഭവമാണോ എന്ന ഒരൊറ്റ ചോദ്യം മാത്രമെ മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളൂ എന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Tags: