നികത്താനാകാത്ത നഷ്ടം: മന്ത്രി വി അബ്ദുറഹിമാന്‍

Update: 2024-12-27 05:02 GMT

തിരൂര്‍: മലയാളത്തിനും മലയാളിക്കും നികത്താനാകാത്ത നഷ്ടമാണ് എം ടി വാസുദേവന്‍നായരുടെ വേര്‍പാടെന്നു ന്യൂനപക്ഷക്ഷേമ-കായിക മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.

നക്ഷത്ര തുല്യമായ വാക്കുകളും പ്രയോഗങ്ങളും തലമുറകള്‍ക്കായി കാത്തുവെച്ച മലയാളഭാഷയുടെ സുകൃതമാണ് വിടവാങ്ങിയത്. ഒരു കാലഘട്ടവും ജീവിതസമസ്യകളും നെഞ്ചുലയ്ക്കുന്ന തീവ്രതയോടെ കടലാസിലേക്കു പകര്‍ത്തിയ അതുല്യ പ്രതിഭാസമായിരുന്നു എം ടി. ഏതു സാധാരണക്കാരനിലേക്കും അനായാസം കടന്നുകയറുന്ന രചനാശൈലിയാണ് അദ്ദേഹത്തെ തലമുറകളുടെ പ്രിയങ്കരനാക്കിയത്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ആ രചനകളിലെല്ലാം നിറഞ്ഞുനിന്നു. അതുകൊണ്ടാണ് കാലത്തിലെ സേതുവും നാലുകെട്ടിലെ അപ്പുണ്ണിയും മലയാളിയുടെ സ്വന്തക്കാരായത്.

സാഹിത്യ ജീവിതത്തിന്റെ തുടര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതം. കൈവെച്ച മേഖലകളിലെല്ലാം പ്രതിഭ തെളിയിക്കാന്‍ കഴിഞ്ഞ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു.

എം ടിയുടെ സംസാരം കാണുന്നതും കേള്‍ക്കുന്നതും ആ എഴുത്തു പോലെ മധുരതരമായിരുന്നു. സൗഹൃദങ്ങള്‍ക്ക് വലിയ വില കല്‍പ്പിച്ച മലയാളത്തിന്റെ പ്രിയ കഥാകാരനുമായി വ്യക്തിബന്ധം സൂക്ഷിക്കാനും ആ വാത്സല്യം അനുഭവിക്കാനും കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുകയാണ്.കാലത്തിനപ്പുറം സഞ്ചരിക്കാന്‍ കഴിയുന്ന ആ വാഗ്വിലാസത്തിനുംഅതിലൂടെ പിറന്ന കൃതികള്‍ക്കും മരണമില്ലെന്നും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

Tags: