കണ്ണൂര്‍: ടിക്കറ്റ് നിരക്കില്‍ ഭക്ഷണം ഉള്‍പ്പെടാത്ത 25 എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളില്‍ ഐആര്‍സിടിസി ഇ പാന്‍ട്രി ഭക്ഷണ ബുക്കിങ് സേവനം ആരംഭിച്ചു. നേത്രാവതി, മംഗള എക്‌സ്പ്രസ് ഉള്‍പ്പെടെ പാന്‍ട്രി കോച്ചുള്ള ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമാവുന്നത്. കണ്‍ഫേം ടിക്കറ്റും ആര്‍എസി ടിക്കറ്റും ഉള്ള യാത്രക്കാര്‍ക്ക് ഭക്ഷണവും റെയില്‍നീറും മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനാകും. പാന്‍ട്രി കോച്ചിലെ ജീവനക്കാര്‍ ഭക്ഷണം യാത്രക്കാരുടെ സീറ്റുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കും.
ഐആര്‍സിടിസി വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് 'ഇ പാന്‍ട്രി മീല്‍' ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനുപുറമെ ബുക്കിങ് പൂര്‍ത്തിയായ ശേഷം 'ബുക്ക്ഡ് ടിക്കറ്റ് ഹിസ്റ്ററി'യില്‍ പ്രവേശിച്ച് ഇപാന്‍ട്രി സേവനം തിരഞ്ഞെടുക്കാനും സാധിക്കും. ബുക്കിങ് സ്ഥിരീകരിച്ച ശേഷം യാത്രക്കാരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കോ ഇമെയിലിലേക്കോ മീല്‍ വെരിഫിക്കേഷന്‍ കോഡ് അയയ്ക്കും. ഓണ്‍ലൈന്‍ വഴിയാണ് പണമടയ്ക്കല്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.