പോപുലര്‍ മൊബലൈസേഷന്‍ ഫോഴ്‌സിനെ സര്‍ക്കാരില്‍ ചേര്‍ക്കരുതെന്ന യുഎസ് ആവശ്യം തള്ളി ഇറാഖ്
ബാഗ്ദാദ്: ഇറാന്‍ അനുകൂല സായുധവിഭാഗമായ പോപുലര്‍ മൊബലൈസേഷന്‍ ഫോഴ്‌സിനെ സര്‍ക്കാരില്‍ ചേര്‍ക്കരുതെന്ന യുഎസ് നിലപാട് തള്ളി ഇറാഖ് സര്‍ക്കാര്‍. 2014ല്‍ ഐഎസ് സംഘടന ഇറാഖില്‍ സംഘര്‍ഷം ശക്തമാക്കിയപ്പോള്‍ രൂപീകരിക്കപ്പെട്ടതാണ് ഹഷ്ദ് അല്‍ ഷാബി എന്ന പോപുലര്‍ മൊബലൈസേഷന്‍ ഫോഴസ്(പിഎംഎഫ്). ഏകദേശം രണ്ടുലക്ഷം പേരാണ് ഈ സംവിധാനത്തിന്റെ ഭാഗമായുള്ളത്. ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ് പോലുള്ള സംവിധാനം രൂപീകരിക്കാനാണ് ഇറാഖിന്റെ ശ്രമമെന്നാണ് യുഎസ് ആരോപിക്കുന്നത്. എന്നാല്‍, സുരക്ഷാ നയങ്ങളുടെ ഭാഗമായാണ് പിഎംഎഫിനെ സര്‍ക്കാരില്‍ ചേര്‍ക്കുന്നതെന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയാ അല്‍ സുഡാനി പറഞ്ഞു. പിഎംഎഫിലെ ചില വിഭാഗങ്ങള്‍ ഇറാഖി സര്‍ക്കാരിനോടാണ് കൂറ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇറാന്റെ ''പ്രതിരോധത്തിന്റെ അച്ചുതണ്ടിന്റെ' ഭാഗവുമാണ് അവര്‍. ഇറാഖിലെ യുഎസ് സൈനികതാവളങ്ങളിലേക്ക് അവര്‍ പല തവണ മിസൈലുകള്‍ അയക്കുകയുമുണ്ടായി.അതേസമയം, ഇറാഖി കൃഷി മന്ത്രാലയത്തിലെ ചില നിയമനങ്ങളെ ചോദ്യം ചെയ്ത് ഖാത്തിബ് ഹിസ്ബുല്ല നടത്തിയ പ്രതിഷേധത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇതേതുടര്‍ന്ന് പിഎംഎഫിലെ രണ്ടു നേതാക്കളെ പിരിച്ചുവിട്ടു.