ഖാംനഈയുടെ കൊലപാതകം മഹാകുറ്റകൃത്യം; ശക്തമായ പ്രതികാരം ഉണ്ടാകുമെന്ന് ഇറാന്‍ പ്രസിഡന്റ്
തെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകം ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഈ കുറ്റകൃത്യത്തിന് മറുപടി നല്‍കാതെ വിടില്ലെന്നും, ഖാംനഈയുടെ വിശുദ്ധരക്തം അമേരിക്കന്‍സയണിസ്റ്റ് അടിച്ചമര്‍ത്തലുകളും കുറ്റകൃത്യങ്ങളും തുടച്ചുനീക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ എല്ലാ ശക്തിയും ദൃഡനിശ്ചയവും വിനിയോഗിച്ച്, ഇസ്‌ലാമിക രാഷ്ട്രത്തിന്റെയും ലോകത്തെ സ്വതന്ത്ര ജനതയുടെയും പിന്തുണയോടെ ഈ മഹാകുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഖേദിപ്പിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെയോടെയാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി വിവിധ ഇറാനിയന്‍ വാര്‍ത്ത ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തത്. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇറാന്‍ മാധ്യമങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഖാംനഈയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക അവധിയും 40 ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, ഖാംനഈയുടെ മരണത്തിന് പിന്നാലെ തലസ്ഥാനമായ തെഹ്‌റാനില്‍ ആളുകള്‍ തെരുവുകളിലേക്കിറങ്ങുന്നതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. അനുശോചനം രേഖപ്പെടുത്തുന്നതിനായാണ് ജനങ്ങള്‍ കൂട്ടംകൂടുന്നത്. ഇതിനിടയില്‍ തെഹ്‌റാനില്‍ വീണ്ടും സ്‌ഫോടന ശബ്ദം കേട്ടതായി റിപോര്‍ട്ടുകളുണ്ട്.
