അയല്‍രാജ്യങ്ങള്‍ യുഎസിനെ സഹായിച്ചാല്‍ ശത്രുതാപരമായ നടപടിയുണ്ടാവും: ഇറാന്‍
തെഹ്‌റാന്‍: ഇറാനെ ആക്രമിക്കാന്‍ യുഎസിനെ സഹായിക്കുന്ന അയല്‍രാജ്യങ്ങള്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ്. പശ്ചിമേഷ്യയില്‍ യുഎസിന്റെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എത്തിയതിന് പിന്നാലെയാണ് ഇറാന്‍ അയല്‍രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. '' അയല്‍രാജ്യങ്ങള്‍ ഞങ്ങളുടെ സുഹൃത്തുക്കളാണ്. പക്ഷേ, അവരുടെ എണ്ണ, ആകാശം, ജലവിഭവങ്ങള്‍ എന്നിവ ഇറാനെതിരേ ഉപയോഗിച്ചാല്‍ ശത്രുതാപരമായ നടപടിയുണ്ടാവും.'' -ഇസ് ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സിന്റെ രാഷ്ട്രീയ ഉപാധ്യക്ഷനായ മുഹമ്മദ് അക്ബര്‍സാദെ പറഞ്ഞു. അതേസമസമയം, ഇറാനുമായി യുദ്ധത്തിന് തയ്യാറാണെന്ന സന്ദേശം നല്‍കുന്ന സൈനികപരിശീലനം നടത്താന്‍ യുഎസ് സൈന്യം തീരുമാനിച്ചു. യുഎസ് വ്യോമസേനയുടെ ഒമ്പതാം യൂണിറ്റാണ് ഈ പരിശീലനം നടത്തുകയെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യുഎസ് താവളമുള്ള രാജ്യങ്ങളുമായി സഹകരിച്ചായിരിക്കും ഇതെന്നും അവര്‍ വ്യക്തമാക്കി.