അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഉപേക്ഷിക്കാനൊരുങ്ങി ഇറാന്‍

Update: 2025-06-24 06:55 GMT
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഉപേക്ഷിക്കാനൊരുങ്ങി ഇറാന്‍

തെഹ്‌റാന്‍: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി സഹകരിക്കുന്നത് അവസാനിപ്പിക്കാനുള്ള നീക്കവുമായി ഇറാന്‍. ഏജന്‍സിയുടെ നിലപാടുകളില്‍ രാഷ്ട്രീയ പക്ഷപാതിത്വം ആരോപിച്ചാണ് സഹകരണം അവസാനിപ്പിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇറാന്റെ ദേശീയ സുരക്ഷയും വിദേശനയവുമായി ബന്ധപ്പെട്ട സമിതി നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട പൊതു രൂപരേഖയെ പിന്തുണച്ച് അംഗങ്ങള്‍ വോട്ട് ചെയ്തതായി സമിതിയുടെ വക്താവ് ഇബ്‌റാഹീം റിസാഈ പ്രസ്താവിച്ചു.

'പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതിയുടെ യോഗത്തില്‍, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പൊതു രൂപരേഖയില്‍ അംഗങ്ങള്‍ വോട്ട് ചെയ്തു' - തസ്‌നീം ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ഏജന്‍സിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതിന് നിയമ നിര്‍മാണം നടത്താനുള്ള നീക്കങ്ങളെ പിന്തുണയ്ക്കുന്നതായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. രാഷ്ട്രീയ പക്ഷപാതിത്വം പുലര്‍ത്തുന്നതും നിഷ്പക്ഷത കൈവെടിഞ്ഞതുമായ നിലപാടാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടേതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിക്ക് രാജ്യത്ത് സ്ഥിരമായ പ്രവേശന നിരോധനം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചതായി പാര്‍ലമെന്ററി സുരക്ഷ കമ്മീഷന്‍ അംഗം ഇസ്മാഈല്‍ കൗസരി പറഞ്ഞു.

Similar News