യുഎസ് ആക്രമണത്തെ നേരിടാന്‍ തയ്യാര്‍: ഇറാന്‍

Update: 2026-01-29 03:30 GMT

തെഹ്‌റാന്‍: യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏതൊരു ആക്രമണത്തെയും നേരിടാന്‍ ഇറാന്‍ തയ്യാറാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ആണവായുധ വിഷയത്തില്‍ ഇറാന്‍ കരാറിന് തയ്യാറായില്ലെങ്കില്‍ കനത്ത ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് മറുപടിയായാണ് ഇറാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. '' ഞങ്ങളുടെ ധീരരായ സായുധസേന തയ്യാറാണ്. അവരുടെ വിരലുകള്‍ കാഞ്ചിയിലാണ്.''-അബ്ബാസ് അരാഗ്ചി പറഞ്ഞു. 2025 ജൂണില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിന്നും ഇറാന്‍ മൂല്യമേറിയ കാര്യങ്ങള്‍ പഠിച്ചു. ആ പാഠങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും യുഎസ് ആക്രമണങ്ങളെ നേരിടുകയെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.

ഇറാന് യുദ്ധത്തില്‍ മേല്‍ക്കെയ്യുണ്ടാവുമെന്നും ഏതൊരു യുദ്ധവും അവസാനിപ്പിക്കുക ഇറാനായിരിക്കുമെന്നും ഇസ് ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അലി മുഹമ്മദ് നഈനി പറഞ്ഞു. പാശ്ചാത്യ മാധ്യമങ്ങള്‍ യുഎസിന്റെ സൈനികശേഷിയെ കുറിച്ച് പ്രചാരണങ്ങള്‍ നടത്തുന്നു. എന്നാല്‍, അടിത്തട്ടിലെ യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.