ഇറാന്‍ സംഘര്‍ഷം: ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്രം; ആദ്യ വിമാനം ഇന്ന് പറന്നുയരും
ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു.സുരക്ഷാ കാരണങ്ങളാല്‍ ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ തന്നെ രാജ്യം വിടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും, ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.
ഇറാന്റെ മിക്ക ഭാഗങ്ങളിലും നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ കണക്കിലെടുത്ത്, ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ വിദേശകാര്യ മന്ത്രാലയം ചെയ്തുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതിനായി കേന്ദ്ര സര്‍ക്കാര്‍ വിമാന സര്‍വീസുകള്‍ നല്‍കുന്നുണ്ടെന്നും ആദ്യ വിമാനം ഇന്ന് ഇറാനിലേക്ക് പുറപ്പെടുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഗോലെസ്ഥാന്‍ യൂണിവേഴ്സിറ്റി, ഷാഹിദ് ബെഹെഷ്തി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ്, ടെഹ്റാന്‍ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ആദ്യബാച്ചില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
'എല്ലാ വിദ്യാര്‍ഥികളും കൃത്യമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഇന്ത്യന്‍ എംബസി അവരുടെ വ്യക്തിഗത വിവരങ്ങളും പാസ്പോര്‍ട്ടുകളും ശേഖരിച്ചിട്ടുണ്ട്, ആദ്യ ബാച്ചിനായി രാവിലെ 8 മണിക്ക് തയ്യാറാകാന്‍ അവരോട് നിര്‍ദേശിച്ചിട്ടുണ്ട്,' ജമ്മു കശ്മീര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (ജെകെഎസ്എ) പ്രസ്താവനയില്‍ പറഞ്ഞു.
അതുപോലെ, ഇറാന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുമായും മറ്റ് പൗരന്മാരുമായും ബന്ധപ്പെടുന്നതിനും, അവരുടെ തിരിച്ചുവരവിന് സൗകര്യമൊരുക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ടെഹ്റാനിലെ ഇന്ത്യന്‍ എംബസി ഊര്‍ജിതമാക്കിയിട്ടുണ്ട്.
