വാഷിങ്ടണ്‍: ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോണ്‍ 18 പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ ക്യാമറാ ഫീച്ചറുകള്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്ത്. ഇത്തവണ ക്യാമറയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായാണ്റിപോര്‍ട്ട്. വര്‍ഷങ്ങളായി സോണി സെന്‍സറുകള്‍ ആശ്രയിച്ചിരുന്ന ആപ്പിള്‍, ഈ തവണ സാംസങ് സഹകരണത്തോടെ വികസിപ്പിച്ച 48 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ സെന്‍സര്‍ അവതരിപ്പിക്കുമെന്നാണ് സൂചന. മൂന്നു ലെയര്‍ സ്റ്റാക്ക്ഡ് ഡിസൈനുള്ള ഈ സെന്‍സര്‍ കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുമെന്ന് വിലയിരുത്തുന്നു. 200 മെഗാപിക്‌സല്‍ സെന്‍സറിലേക്ക് മാറുമെന്ന മുന്‍വാര്‍ത്തകള്‍ക്കുപകരം 48 മെഗാപിക്‌സില്‍ തന്നെ തുടരാനാണ് സാധ്യത.
ഐഫോണ്‍ ചരിത്രത്തിലാദ്യമായി വേരിയബിള്‍ അപ്പര്‍ച്ചര്‍ സംവിധാനം പുതിയ പ്രോ മോഡലുകളില്‍ എത്തുമെന്നും റിപോര്‍ട്ടുണ്ട്. വെളിച്ചത്തിന്റെ തോതനുസരിച്ച് ലെന്‍സ് തുറക്കുന്ന വിസ്തൃതി ക്രമീകരിക്കാന്‍ കഴിയുന്ന ഈ സംവിധാനത്തിലൂടെ കൂടുതല്‍ സ്വാഭാവികമായ ബോക്കെ ഇഫക്റ്റും മെച്ചപ്പെട്ട എക്‌സ്‌പോഷറും ലഭിക്കും. ടെലിഫോട്ടോ ലെന്‍സിലും മാറ്റങ്ങളുണ്ട്. വലിയ അപ്പര്‍ച്ചര്‍ ഉപയോഗിച്ച് രാത്രി സമയത്തും കുറഞ്ഞ വെളിച്ചത്തിലും മികച്ച സൂം ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുമെന്നാണ് റിപോര്‍ട്ട്.
പുതിയ മോഡലുകളില്‍ കൂടുതല്‍ വേഗതയും കാര്യക്ഷമതയും നല്‍കുന്ന എ20 പ്രോ ചിപ്‌സെറ്റും ഉള്‍പ്പെടുമെന്ന് പറയുന്നു. ബാറ്ററി ലൈഫിലും മെച്ചപ്പെടുത്തലുകള്‍ ഉണ്ടാകാനിടയുണ്ട്. എന്നാല്‍, ഇതെല്ലാം ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരങ്ങളല്ല. കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിലാണ് യഥാര്‍ഥ ഫീച്ചറുകള്‍ വ്യക്തമാകുക.
