കോഴിക്കോട്: എന്‍ഐടി കാലിക്കറ്റിലെ സെന്റര്‍ ഫോര്‍ വിമന്‍ വെല്‍ഫെയര്‍ ആന്‍ഡ് സോഷ്യല്‍ എംപവര്‍മെന്റ് (CWSE)ഉം വിദ്യാഭ്യാസ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച രണ്ടു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു. സ്ത്രീകളുടെ അധികാരം, നേതൃത്വം, ക്ഷേമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സമ്മേളനം. എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ഡോ. ജെയ്ന്‍ പ്രസാദ് ചടങ്ങില്‍ സന്നിഹിതയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ നിന്നുമുള്ള വിശിഷ്ട പ്രഭാഷകര്‍, ഗവേഷകര്‍, വിദഗ്ദ്ധര്‍ എന്നിവരുള്‍പ്പെടെ 100ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
ഡെന്‍മാര്‍ക്കിലെ എഎസ്ഇഎം എല്‍എല്‍എല്‍ ഹബ് സൗത്ത് ഏഷ്യ കോ-ഓര്‍ഡിനേറ്റര്‍ മിസ്. ശാലിനി സിങ്, പോര്‍ച്ചുഗലില്‍ നിന്നുള്ള ഡോ. ഫിലിപ്പ കണ്‍ടെന്റ്, ഡോ. റൊസാന ബാറോസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. സ്ത്രീ ശാക്തീകരണം, പ്രതിരോധശേഷിയുടെ ആഗോള പ്രാധാന്യം, ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിലെ അന്താരാഷ്ട്ര സഹകരണം എന്നിവയെക്കുറിച്ച് നിര്‍ണ്ണായകമായ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. സുപ്രിം കോടതി അഭിഭാഷകന്‍ അഡ്വ. ദിബ്യാംശു പാണ്ഡെ, എഎസ്ഇഎം ലൈഫ് ലോങ് ലേണിങ് ഹബ്ബില്‍ നിന്നുള്ള ഡോ. സോറന്‍ എഹ്ലെര്‍സ്, ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിലെ സീനിയര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ജേക്കബ് ജോര്‍ജ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
സ്ത്രീകളുടെ അധികാരം ശക്തിപ്പെടുത്തുന്നതിനുള്ള ആഗോളവും താരതമ്യപരവുമായ സമീപനങ്ങള്‍ ചര്‍ച്ചകളിലുടനീളം നിറഞ്ഞു നിന്നു. സ്ത്രീകളുടെ അവകാശങ്ങള്‍, ലിംഗനീതിയിലെ ആഗോള പ്രവണതകള്‍, നയപരമായ നൂതനാശയങ്ങള്‍, അധ്യാപക വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഒന്‍പത് വിഷയ മേഖലകളിലായി പ്രബന്ധ അവതരണങ്ങളും നടന്നു. വിവിധ സാമൂഹിക-സാംസ്‌കാരിക-നിയമപരമായ സാഹചര്യങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങള്‍, പ്രതിരോധശേഷി, ശാക്തീകരണം എന്നിവയെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാന്‍ ഈ സമ്മേളനത്തിലൂടെ കഴിഞ്ഞു.

