എന്‍ഐടി കാലിക്കറ്റില്‍ അന്താരാഷ്ട്ര സമ്മേളനം

Update: 2025-11-10 06:36 GMT

കോഴിക്കോട്: വിദ്യാഭ്യാസം, നയം, ഗവേഷണം, ഇന്നൊവേഷന്‍ എന്നീ മേഖലകളിലെ ആഗോള നേതാക്കള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) കാലിക്കറ്റില്‍ ഒത്തുചേരുന്നു. 'ലൈഫ് ലോങ്ങ് ലേര്‍ണിങ്' എന്ന വിഷയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം 2025 നവംബര്‍ 10 മുതല്‍ 12 വരെയാണ് നടക്കുക.

മൂന്നാമത്‌ എഎസ്ഇഎം എല്‍എല്‍എല്‍ ഹബ്ബ് റീജിയണല്‍ സെന്റര്‍ ഫോര്‍ സൗത്ത് ഏഷ്യ വാര്‍ഷിക സമ്മേളനവും 19ാമത് പാസ്‌കല്‍ ഇന്റര്‍നാഷണല്‍ ഒബ്‌സര്‍വേറ്ററി കോണ്‍ഫറന്‍സും സംയുക്തമായാണ് ഈ സുപ്രധാന സമ്മേളനം സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള സര്‍വകലാശാലകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള നൂറിലധികം പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും.

വിദ്യാഭ്യാസ സമ്പ്രദായങ്ങളെ സമഗ്രവും, തുല്യവും, സുസ്ഥിരവുമായ ആജീവനാന്ത പഠന പരിസ്ഥിതികളാക്കി എങ്ങനെ മാറ്റാമെന്നാണ് സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം. വിദ്യാഭ്യാസം, പാരിസ്ഥിതിക പരിപാലനം, കമ്മ്യൂണിറ്റി വികസനം, ആഗോള പൗരത്വം എന്നിവയെ ഫലപ്രദമായി ബന്ധിപ്പിക്കുന്ന മികച്ച സമ്പ്രദായങ്ങള്‍, നൂതനാശയങ്ങള്‍, സഹകരണ മാതൃകകള്‍ എന്നിവ അവതരിപ്പിക്കും.

മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം പ്രമുഖ വ്യക്തിത്വങ്ങള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. പ്രൊഫ. സീമസ് ഓ ട്യൂമ (ചെയര്‍, എഎസ്ഇഎം എല്‍എല്‍എം, അയര്‍ലന്‍ഡ്), പ്രൊഫ. മൈക്കിള്‍ ഓസ്‌ബോണ്‍ (പാസ്‌കല്‍, യുകെ), കെ ആനന്ദ് (ട്രസ്റ്റി, ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട്). ഗോകുലം ഗോപാലന്‍ (ചെയര്‍മാന്‍ & എംഡി, ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ്) മുഖ്യാതിഥിയാകും. പ്രൊഫസര്‍ ടി പി സേതുമാധവന്‍ (മുന്‍ വിസി, കേരള വെറ്ററിനറി & അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി) ഗസ്റ്റ് ഓഫ് ഓണറായിരിക്കും. പ്രൊഫ. പ്രസാദ് കൃഷ്ണ (ഡയറക്ടര്‍, എന്‍ഐടിസി) ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും.

യുഎസ്എ, ജര്‍മ്മനി, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ഇറ്റലി, ഫിലിപ്പീന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രശസ്ത വിദഗ്ധര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ലൈഫ് ലോങ്ങ് ലേര്‍ണിംഗ് സമീപനത്തിനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട് സമ്മേളനത്തില്‍ രണ്ടു സുപ്രധാന സംരംഭങ്ങളായ എഎസ്ഇഎം എല്‍എല്‍എല്‍ ഹബ്ബ് സൗത്ത് ഏഷ്യ സെന്റര്‍ വിഭാവനം ചെയ്ത ദക്ഷിണേഷ്യക്കായുള്ള വെര്‍ച്വല്‍ ലേണിംഗ് സിറ്റിയും, പാസ്‌കല്‍ ഒബ്‌സര്‍വേറ്ററി രൂപകല്‍പ്പന ചെയ്ത ദക്ഷിണേഷ്യക്കായുള്ള സുസ്ഥിര പഠന അയല്‍പക്ക കാമ്പയിനും അവതരിപ്പിക്കും.

വിദ്യാഭ്യാസത്തെ ഒറ്റത്തവണയുള്ള അനുഭവമായി കാണാതെ, ആജീവനാന്ത യാത്രയായി പുനര്‍വിഭാവനം ചെയ്യേണ്ടതിന്റെ അടിയന്തിര ആവശ്യകത ഈ സംരംഭങ്ങള്‍ എടുത്തു കാണിക്കുന്നു. ഇത് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും, വരും തലമുറകള്‍ക്കായി പ്രതിരോധശേഷിയുള്ളതും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമൂഹങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും അത്യന്താപേക്ഷിതമാണ്.

Tags: