പാകിസ്താന്റെ ആണവായുധങ്ങള്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേല്‍നോട്ടം വഹിക്കണം: പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

Update: 2025-05-15 08:18 GMT

ശ്രീനഗര്‍: പാകിസ്താന്റെ ആണവായുധങ്ങളുടെ നിയന്ത്രണം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഏറ്റെടുക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ശ്രീനഗറിലെ ബദാമി ബാഗ് കന്റോണ്‍മെന്റില്‍ ഇന്ത്യന്‍ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

'പാകിസ്താന്‍ എത്രമാത്രം നിരുത്തരവാദപരമായി ഇന്ത്യയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ലോകം മുഴുവന്‍ കണ്ടതാണ്. ഇന്ന്, ശ്രീനഗറില്‍ നിന്ന്, ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളില്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ എന്ന ചോദ്യം ഞാന്‍ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നു. പാകിസ്താന്റെ ആണവായുധങ്ങള്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി മേല്‍നോട്ടം വഹിക്കണം' രാജ്നാഥ് സിങ് പറഞ്ഞു. ആണവോര്‍ജം ആയുധങ്ങള്‍ നിര്‍മ്മിക്കാനല്ല, സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുന്‍കൈയ്യെടുക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഓപറേഷന്‍ സിന്ദൂരിന്റെ വിജയത്തില്‍ അതിനു നേതൃത്വം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സായുധ സേനയേയും പ്രതിരോധ മന്ത്രി പ്രശംസിച്ചു. ''നമ്മുടെ പ്രധാനമന്ത്രി മോദിയുടെ കഴിവുറ്റ നേതൃത്വത്തിലും മാര്‍ഗനിര്‍ദേശത്തിലും ഓപറേഷന്‍ സിന്ദൂരില്‍ നിങ്ങള്‍ ചെയ്തതില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നു. ഞാന്‍ നിങ്ങളുടെ പ്രതിരോധ മന്ത്രിയായിരിക്കാം, പക്ഷേ അതിനുമുമ്പ് ഞാന്‍ ഒരു ഇന്ത്യന്‍ പൗരനാണ്. ശത്രുവിനെ നശിപ്പിച്ച ഊര്‍ജ്ജം ഞാന്‍ അനുഭവിച്ചറിഞ്ഞു. ശത്രുവിന് ഒരിക്കലും അത് മറക്കാന്‍ കഴിയില്ല. ജമ്മു കശ്മീരിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു'' രാജ്‌നാഥ് സിങ് പറഞ്ഞു.

ഓപറേഷന്‍ സിന്ദൂരിനുശേഷം പ്രതിരോധ മന്ത്രിയുടെ ജമ്മുകശ്മീരിലേക്കുള്ള ആദ്യ യാത്രയാണിത്. കൂടിക്കാഴ്ചയില്‍, നിലവിലുള്ള സുരക്ഷാ സാഹചര്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പ്രതിരോധ മന്ത്രിയെ അറിയിക്കും. ശ്രീനഗറിലെ ഇന്ത്യന്‍ ആര്‍മിയുടെ സാഹചര്യവും മുന്‍നിര സൈനികരുടെ യുദ്ധസജ്ജീകരണവും അവലോകനം ചെയ്യും.

Tags: