ഇന്‍സ്റ്റഗ്രാമിലെ ആണ്‍സുഹൃത്തിനെ കാണാന്‍ വീടുവിട്ടിറങ്ങിയ പതിനഞ്ചുകാരിയെ കണ്ടെത്തി

Update: 2025-03-14 01:02 GMT

മഞ്ചേരി: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ കാണാന്‍ വീടുവിട്ടിറങ്ങിയ പതിനഞ്ചുകാരിയെ പോലിസ് പിടികൂടി വീട്ടുകാര്‍ക്ക് കൈമാറി. ആലപ്പുഴ സ്വദേശിയായ പത്തൊമ്പതുകാരനെ കാണാന്‍ ഇറങ്ങി പുറപ്പെട്ട മഞ്ചേരി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് മഞ്ചേരി പോലിസ് കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉച്ചക്കാണ് സംഭവം.

വിദ്യാര്‍ഥിനിയുടെ കൈയില്‍ കണ്ട മൊബൈല്‍ ഫോണ്‍ സഹോദരന്‍ പിടിച്ചുവാങ്ങി വഴക്കു പറഞ്ഞിരുന്നു. ഇതോടെ പരാതി നല്‍കാന്‍ സ്‌റ്റേഷനില്‍ പോവുകയാണെന്ന് പറഞ്ഞ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി. പിന്നാലെ വീട്ടുകാരും സ്‌റ്റേഷനിലെത്തി. അങ്ങനെയൊരാള്‍ സ്‌റ്റേഷനിലെത്തിയിട്ടില്ലെന്ന് പോലിസ് അറിയിച്ചതോടെയാണ് കാണാതായ വിവരമറിയുന്നത്. ആലപ്പുഴ സ്വദേശിയുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടെന്ന് മനസിലാക്കിയ പോലിസ് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും നമ്പര്‍ കണ്ടെത്തി വിളിച്ചു.

അവളെ വിവാഹം കഴിക്കാന്‍ താന്‍ തിരൂരിലേക്ക് വരികയാണെന്നും തടസപ്പെടുത്തരുതെന്നുമാണ് യുവാവ് പറഞ്ഞത്. ഇതിനിടെ യുവാവിന്റെ ഫോണിലേക്ക് മറ്റൊരു നമ്പറില്‍ നിന്നും ഫോണ്‍ വന്നതായി സൈബര്‍ പോലിസ് അറിയിച്ചു. ഈ നമ്പറിലേക്ക് വിളിച്ചപ്പോള്‍ കുറ്റിപ്പുറത്തേക്ക് ബസില്‍ യാത്ര ചെയ്യുന്ന ഒരു സ്ത്രീയുടേതാണെന്ന് മനസ്സിലായി. തിരൂര്‍ സ്റ്റാന്‍ഡില്‍ താന്‍ ബസ് കാത്തുനിന്നപ്പോള്‍ സഹോദരനെ വിളിക്കണമെന്നു പറഞ്ഞ് ഒരു പെണ്‍കുട്ടി ഫോണ്‍ വാങ്ങിയിരുന്നതായി അവര്‍ പറഞ്ഞു. ഇതോടെ ബസ് സ്റ്റാന്‍ഡില്‍ എത്തിയ പോലിസ് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. അതേസമയം, തിരൂരിലെത്തിയ ആണ്‍സുഹൃത്ത് പെണ്‍കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് പോലിസിനെ വിളിച്ചു. എന്നാല്‍, നിയമപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പോലിസ് ഇയാളെ തിരികെ അയച്ചു.