വിവാഹവാഗ്ദാനം നല്‍കി 26ഓളം യുവതികളെ പീഡിപ്പിച്ച ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ അറസ്റ്റില്‍
തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃശൂരില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ അറസ്റ്റില്‍. തൃശൂര്‍ താന്ന്യം സ്വദേശി യദു ഗിരീഷാ(38)ണ് അറസ്റ്റിലായത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ഇയാള്‍ക്കെതിരേ മൂന്ന് യുവതികളാണ് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ 26ഓളം യുവതികളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. കൂടുതല്‍ പരാതികള്‍ വരുന്നതായി തൃശൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് പറഞ്ഞു. യുവതികളുടെ നഗ്‌നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതികളില്‍ നിന്ന് പണം തട്ടിയെടുത്തതായും പരാതിയിലുണ്ട്.
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ പതിവ്. പിന്നീട് ഇവരുമായി അടുപ്പം സ്ഥാപിക്കുകയും ശേഷം വിവാഹവാഗ്ദാനം നല്‍കിയ ശേഷം പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. നിലവില്‍ ഇയാള്‍ക്കെതിരേ ലഭിച്ച മൂന്ന് പരാതികളില്‍ പോലിസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ യുവതികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ തൃശൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് പുറമെ യുവതികളുടെ നഗ്‌നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി ഒട്ടേറെ യുവതികളില്‍നിന്ന് ഇയാള്‍ പണം തട്ടിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
