മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ മഷി വിവാദം; ബിജെപിയുടെ അവസാന ആയുധമെന്ന് പ്രിയങ്ക് ഖാര്‍ഗെ
ബെംഗളൂരു: ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച മഷിയെച്ചൊല്ലി വിവാദം. നിരവധി വാര്‍ഡുകളില്‍ വോട്ട് ചെയ്തതിന് ശേഷം വിരലിലെ മഷി നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് നീക്കം ചെയ്യാമെന്ന് കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രിയങ്ക് ഖാര്‍ഗെ ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മഷി വിവാദത്തെ ഒറ്റപ്പെട്ടതായി കാണരുത്. അടുത്ത 50 അല്ലെങ്കില്‍ 100 വര്‍ഷം സ്ഥിരമായി ഭരിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി ചെയ്യുന്ന കാര്യങ്ങളുടെ ഭാഗമാണിത്. ഈ മഷി വിവാദം നിരാശയുടെ അവസാന ആയുധം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളും തങ്ങളുടെ ശക്തമായ രോഷം പ്രകടിപ്പിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ 29 മുനിസിപ്പാലിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ് വ്യാഴാഴ്ച (ജനുവരി 14)യാണ് നടന്നത്. വോട്ടര്‍മാരുടെ ചൂണ്ടുവിരലില്‍ വോട്ട് രേഖപ്പെടുത്തിയെന്ന് സൂചിപ്പിക്കുന്നതിന് മായ്ക്കാന്‍ കഴിയാത്ത മഷിക്ക് പകരം മാര്‍ക്കര്‍ പേനകളാണ് ഉപയോഗിച്ചതെന്നായിരുന്നു തിരഞ്ഞെടുപ്പിനുശേഷം ഉയര്‍ന്ന വിവാദം.