പാലക്കാട്: അട്ടപ്പാടിയില്‍ ശിശുമരണം. ഷോളയൂര്‍ വെച്ചപ്പതി ഊരിലെ ചന്ദ്രശേഖരന്‍-മിന്നല്‍ റാണി ദമ്പതിമാരുടെ പത്തുമാസം പ്രായമുള്ള മകള്‍ ദക്ഷിണയാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സഹകരണാശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെ 5.30നാണ് കുഞ്ഞ് മരിച്ചത്. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച കുട്ടിയെ ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോട്ടത്തറ താലൂക്കാശുപത്രിയിലും അവിടെനിന്ന് വിദഗ്ധ ചികില്‍സയ്ക്കായി പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ജന്മനാ ഹൃദയസംബന്ധമായ അസുഖം നേരിട്ടിരുന്ന കുട്ടി ചികില്‍സയിലായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.