അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം

ഈ വര്‍ഷം അട്ടപ്പാടിയില്‍ നടക്കുന്ന ഒമ്പതാമത്തെ ശിശുമരണമാണിത്;നവജാത ശിശു മരണം അഞ്ചാമത്തേതുമാണ്.

Update: 2022-06-28 05:32 GMT

പാലക്കാട്:അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം റിപോര്‍ട്ട് ചെയ്തു. അട്ടപ്പാടി ചിറ്റൂര്‍ ഊരിലെ ഷിജു സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. പ്രസവിച്ച ഉടനെ കുഞ്ഞ് മരിക്കുകയായിരുന്നു.

ആഗസ്റ്റ് ഒന്നിനായിരുന്നു പ്രസവ തീയതി പറഞ്ഞിരുന്നത്.എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് സുമതി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടുകയായിരുന്നു.തുടര്‍ന്ന് ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.ജനിച്ച ഉടനേ കുഞ്ഞ് മരിക്കുകയായിരുന്നു. സ്‌കാനിങില്‍ ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ തലയില്‍ മുഴ കണ്ടെത്തിയിരുന്നു. ഈ മുഴയാണോ മരണകാരണം എന്നതില്‍ വ്യക്ത വരേണ്ടതുണ്ട്. ഈ വര്‍ഷം അട്ടപ്പാടിയില്‍ നടക്കുന്ന ഒമ്പതാമത്തെ ശിശുമരണമാണിത്. നവജാത ശിശു മരണം അഞ്ചാമത്തേതുമാണ്.

കഴിഞ്ഞ വര്‍ഷം നിരവധി ശിശുമരണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രി നേരിട്ട് തന്നെ അട്ടപ്പാടിയിലെത്തി കാര്യങ്ങള്‍ ആരാഞ്ഞിരുന്നു. തുടര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ശിശുമരണം തുടര്‍ക്കഥയാകുകയാണ്.

Tags: