ഹൈദരാബാദ്: ആരോഗ്യവാനായി ജീവിതം നയിച്ചിരിക്കെ തന്നെ സ്വന്തമായി കല്ലറ പണിതു ദേശീയ ശ്രദ്ധ നേടിയ തെലങ്കാന സ്വദേശി നക്ക ഇന്ദ്രയ്യ (80) മരണപ്പെട്ടു. തെലങ്കാനയിലെ ലക്ഷ്മിപുരം ഗ്രാമവാസിയാണ് ഇന്ദ്രയ്യ.
മക്കള്‍ക്ക് മരണാനന്തര ചടങ്ങുകളിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഇന്ദ്രയ്യ തന്റെ അവസാന വിശ്രമസ്ഥലം സ്വയം ഒരുക്കിയത്. ഭാര്യയുടെ കല്ലറയോട് ചേര്‍ന്നാണ് അദ്ദേഹം സ്വന്തം കല്ലറ പണിതിരുന്നത്. ജീവിതത്തിന്റെയും മരണത്തിന്റെയും നിത്യസത്യങ്ങളെ കുറിച്ചുള്ള സന്ദേശം അടങ്ങിയ ഫലകവും കല്ലറയില്‍ സ്ഥാപിച്ചിരുന്നു.
കല്ലറ സന്ദര്‍ശിക്കുന്നത് ഇന്ദ്രയ്യയുടെ ദിനചര്യയിലെ ഭാഗമായിരുന്നു. ചുറ്റുപാടുകള്‍ ശുചീകരിക്കുകയും ചെടികള്‍ക്ക് വെള്ളമൊഴിക്കുകയും ചെയ്ത ശേഷം അവിടെ കുറച്ചു സമയം ചെലവഴിക്കുമായിരുന്നു.