ഇന്‍ഡോറില്‍ മലിനജല ദുരന്തം: മരണസംഖ്യ 32 ആയി

Update: 2026-02-02 07:33 GMT

ഇന്‍ഡോര്‍: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന ഇന്‍ഡോറില്‍ മലിനജലം ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു. ഭഗീരഥപുര സ്വദേശിനിയായ ലക്ഷ്മി രജക് (65) ആണ് ഒടുവില്‍ മരിച്ചത്. മലിനജലം ഉപയോഗിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച് ദിവസങ്ങളായി ആശുപത്രിയില്‍ ഇവര്‍ ചികില്‍സയിലായിരുന്നു.

62 വയസ്സുകാരനായ ഖുബ്ചന്ദ് ബന്ദയ്യയും സമാന ലക്ഷണങ്ങളോടെ മരിച്ചിരുന്നു. മരണങ്ങളുടെ പശ്ചാത്തലത്തില്‍ മൃതദേഹം റോഡില്‍ വച്ച് ബന്ധുക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. പ്രാദേശിക നിവാസികളും മാധ്യമങ്ങളും മരണസംഖ്യ 32 ആണെന്ന് റിപോര്‍ട്ട് ചെയ്യുമ്പോഴും, ഔദ്യോഗിക കണക്കുകളില്‍ 16 മരണങ്ങള്‍ മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. മരിച്ചതില്‍ ചിലര്‍ക്ക് മറ്റു രോഗങ്ങളുണ്ടായിരുന്നുവെന്ന വിശദീകരണമാണ് അധികൃതര്‍ നല്‍കുന്നത്.

സംഭവത്തില്‍ കോടതി ഇടപെട്ടതിനെ തുടര്‍ന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് സുശീല്‍ കുമാര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ ഏകാംഗ അന്വേഷണ കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. കുടിവെള്ള പൈപ്പുകളിലേക്ക് മലിനജലം കലര്‍ന്നതാണ് ദുരന്തത്തിന് കാരണമെന്ന പ്രാഥമിക കണ്ടെത്തല്‍. ഭഗീരഥപുര മേഖലയില്‍ ആയിരക്കണക്കിന് ആളുകള്‍ ചികില്‍സ തേടിയിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് കുടിവെള്ള വിതരണം ടാങ്കറുകള്‍ വഴിയാണ് നടത്തുന്നത്. എന്നാല്‍ ടാങ്കര്‍ വെള്ളത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചും നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്‍ഡോറിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ മറ്റു നഗരങ്ങളിലും ജലപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Tags: