ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 22 ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ സമ്മതിച്ചു. ഇന്‍ഡോറിലെ ഭഗീരഥ്പുര മേഖലയിലുണ്ടായ കുടിവെള്ള മലിനീകരണ ദുരന്തം മധ്യപ്രദേശ് നിയമസഭയില്ഡ ചര്‍ച്ചയ്ക്ക് വഴിവച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 22 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നഗരവികസന മന്ത്രി കൈലാഷ് വിജയവര്‍ഗിയയാണ് സഭയില്‍ മരണസംഖ്യ വ്യക്തമാക്കിയത്.
അതേസമയം, സര്‍ക്കാരിന്റെ തന്നെ മുന്‍ രേഖകളും മന്ത്രിയുടെ പ്രസ്താവനയും തമ്മിലുള്ള വൈരുദ്ധ്യം സഭയില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് വഴിവച്ചു. 35ലധികം പേര്‍ മരിച്ചിട്ടുണ്ടെന്നും ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ഉമംഗ് സിംഗാര്‍ കുറ്റപ്പെടുത്തി.
കുടിവെള്ള പൈപ്പ്‌ലൈനിലേക്ക് ശൗചാലയത്തില്‍ നിന്നുള്ള മലിനജലം കലര്‍ന്നതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഹൈക്കോടതി മുന്‍ ജഡ്ജിയായ ജസ്റ്റിസ് സുശീല്‍ കുമാര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പരിക്കേറ്റവര്‍ക്ക് സൗജന്യ ചികില്‍സയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരവും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി പലവട്ടം തിരഞ്ഞെടുത്ത ഇന്‍ഡോറിലുണ്ടായ ഈ ദുരന്തം ഭരണകൂടത്തിന്റെ ഗൗരവമായ വീഴ്ചയായാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.
