ഇന്‍ഡോര്‍ മലിനജല ദുരന്തം; 'വെള്ളമല്ല, ജനങ്ങള്‍ക്ക് നല്‍കിയത് വിഷം'; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Update: 2026-01-02 14:26 GMT

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറിലെ മലിനജല ദുരന്തത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വെള്ളത്തിനു പകരം വിഷമാണ് വിതരണം ചെയ്തതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ചെളിയും ദുര്‍ഗന്ധവുമുള്ള വെള്ളത്തെക്കുറിച്ച് നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിട്ടും ഭരണകൂടം നടപടി എടുത്തില്ല, ശുദ്ധജലം ഔദാര്യമല്ല, അത് ജീവിക്കാനുള്ള അവകാശമാണെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

ശുദ്ധജലം ലഭിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശമാണ്. ബിജെപിയുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണ് സംഭവത്തില്‍ ഉത്തരവാദികള്‍. മധ്യപ്രദേശ് ദുര്‍ഭരണത്തിന്റെ കേന്ദ്രമായി മാറി. കുടിവെള്ളത്തില്‍ എങ്ങനെ മലിനജലം കലര്‍ന്നു? ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നേതാക്കള്‍ക്കുമെതിരേ എപ്പോള്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

മധ്യപ്രദേശ് ഇപ്പോള്‍ ദുര്‍ഭരണത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. ഒരിടത്ത് ചുമ സിറപ്പ് മൂലമുള്ള മരണങ്ങള്‍. മറ്റൊരിടത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ എലികള്‍ കുട്ടികളുടെ ജീവന്‍ അപഹരിക്കുന്നു. ഇപ്പോള്‍ മലിനജലം കലര്‍ന്ന വെള്ളം കുടിച്ചും ആളുകള്‍ മരിക്കുന്നു. ദരിദ്രര്‍ മരിച്ചുവീഴുമ്പോള്‍ എപ്പോഴും എന്നപോലെ മോദി മൗനത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ദോറില്‍ മലിനമായ കുടിവെള്ളവുമായി ബന്ധപ്പെട്ട് 10 പേര്‍ മരിക്കുകയും 1,400 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മാലിന്യം നറഞ്ഞ സ്ഥലത്ത് പൈപ്പ് പൊട്ടി അതിലൂടെ മലിനജലം കുടിവെള്ളവുമായി കലരുകയായിരുന്നുവെന്നാണ് പ്രാഥമിക റിപോര്‍ട്ട്. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു. വിഷയം ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും.