ലണ്ടന്‍: ഇന്ത്യയും യുകെയും 'സ്വതന്ത്രവ്യാപാര' കരാറില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി കിയ സ്റ്റാമറുമൊത്ത് കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ തങ്ങളുടെ രാജ്യത്തിന് ഗുണം ചെയ്യുമെന്ന് ഇരുവരും അവകാശപ്പെട്ടു.കരാര്‍ പ്രകാരം ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ഒഴിവാകും. ബ്രിട്ടന്‍ ഇന്ത്യയിലേക്ക് അയക്കുന്ന 90 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ കുറയും. ഇന്ത്യയില്‍നിന്ന് തുണിത്തരങ്ങള്‍, പാദരക്ഷകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍ എന്നിവയുടെ നിലവിലെ 4 മുതല്‍ 16% വരെയുള്ള തീരുവ പൂര്‍ണമായും ഒഴിവാകും.
യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഇന്ത്യ കുറയ്ക്കും, എന്നാല്‍ ഇതിനൊരു ക്വാട്ട സംവിധാനം ഉണ്ടായിരിക്കും. അതായത്, കുറഞ്ഞ തീരുവ പരിമിതമായ എണ്ണം ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് മാത്രമേ ബാധകമാകൂ. യുകെ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ലഘൂകരിക്കുന്നതിന് പകരമായി, ഇന്ത്യന്‍ നിര്‍മാതാക്കളുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ പ്രവേശനം ലഭിക്കും. ഇതും ഒരു ക്വാട്ട സംവിധാനത്തിന് കീഴിലായിരിക്കും. കരാര്‍ നിലവില്‍വരുന്നതോടെ സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതിച്ചുങ്കം 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയും. അടുത്ത ദശാബ്ദത്തിനുള്ളില്‍ ഇത് 40 ശതമാനമായി കുറയും.
