കൊച്ചിയില്‍ പത്ത് രൂപയ്ക്ക് ഭക്ഷണവുമായി ഇന്ദിര കാന്റീന്‍

Update: 2026-01-13 12:16 GMT

കൊച്ചി: കൊച്ചി കോര്‍പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കര്‍മ്മ പദ്ധതികളുമായി മേയര്‍ വി കെ മിനിമോള്‍. കോര്‍പറേഷന്‍ ഭരണം തിരിച്ചു പിടിച്ച യുഡിഎഫ് കുറഞ്ഞ നിരക്കില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഇന്ദിര കാന്റീന്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. കൊച്ചി മേയര്‍ ഇക്കാര്യം വിശദീകിച്ചു. വരുന്ന 50 ദിവസം 50 ദിന കര്‍മ്മ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 50 ദിവസത്തിനകം ഇവ നടപ്പാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും.

വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര കാന്റീനുകള്‍ ആരംഭിക്കും. 10 രൂപയ്ക്ക് ഭക്ഷണം നല്‍കും. പ്രാതലും രാത്രി ഭക്ഷണവും 10 രൂപ നിരക്കില്‍ ലഭ്യമാക്കും. ഇന്ദിര കാന്റീനുകള്‍ നടപ്പാക്കുമെന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു. ഇതാണ് കൊച്ചി കോര്‍പറേഷന്‍ നടപ്പാക്കുന്നത്. നിലവില്‍ കോര്‍പറേഷനില്‍ സമൃദ്ധി എന്ന പേരില്‍ കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയുണ്ട്. ഇതിനോട് ചേര്‍ന്നുതന്നെയാകും ഇന്ദിര കാന്റീനുകള്‍ പ്രവര്‍ത്തിക്കുക

കോര്‍പറേഷനില്‍ എല്ലാ കവലകളിലും ഇന്ദിര കാന്റീന്‍ വരും. ആദ്യത്തേത് ഫോര്‍ട്ട് കൊച്ചിയിലായിരിക്കും. പിന്നീട് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. 10 രൂപയ്ക്ക് ഭക്ഷണം നല്‍കാന്‍ സാധിച്ചാല്‍ നേട്ടമാകുമെന്ന് യുഡിഎഫ് കരുതുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കി ജനശ്രദ്ധ നേടുകയാണ് യുഡിഎഫ്.

Tags: