റദ്ദാക്കിയ വിമാന സര്‍വീസുകള്‍ക്ക് നഷ്ടപരിഹാരത്തിന് പുറമേ ഇന്‍ഡിഗോയുടെ യാത്രാ വൗച്ചര്‍
ന്യൂഡല്‍ഹി: സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ പ്രത്യേക നഷ്ടപരിഹാര പദ്ധതിയുമായി മുന്നോട്ട് വന്നു. ഡിസംബര്‍ 3, 4, 5 തീയതികളില്‍ യാത്രാ തടസ്സമനുഭവിച്ചവര്‍ക്കാണ് 10,000 രൂപ മൂല്യമുള്ള സൗജന്യ യാത്രാ വൗച്ചറുകള്‍ അനുവദിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
വിമാനം പുറപ്പെടാനുള്ള 24 മണിക്കൂറിനുള്ളില്‍ സര്‍വീസ് റദ്ദാക്കിയാല്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നല്‍കേണ്ട നഷ്ടപരിഹാരത്തിന് പുറമെയാണ് ഈ വൗച്ചറുകള്‍ നല്‍കുന്നത്. സര്‍ക്കാര്‍ നിബന്ധന അനുസരിച്ച് നഷ്ടപരിഹാരം 5,000 മുതല്‍ 10,000 രൂപ വരെയാണ് ലഭിക്കുക. ഇതിന് പുറമെ നല്‍കുന്ന 10,000 രൂപയുടെ വൗച്ചറുകള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധി ഉണ്ടായിരിക്കും. ഈ കാലയളവിനുള്ളില്‍ ഇന്‍ഡിഗോയുടെ ഏതൊരു യാത്രക്കും വൗച്ചര്‍ ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കി.
നിലവില്‍ തടസ്സമുണ്ടായ സര്‍വീസുകളുടെ ടിക്കറ്റ് നിരക്കുകള്‍ തിരികെ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും, ട്രാവല്‍ പ്ലാറ്റ്‌ഫോം വഴി ബുക്കിങ്ങ് നടത്തിയിട്ടുള്ള യാത്രക്കാര്‍ക്കും തുക ഉടന്‍ ലഭ്യമാക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു.