ഗള്‍ഫ് നഗരങ്ങളിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Update: 2026-03-15 05:34 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ വ്യോമഗതാഗതത്തില്‍ പ്രതിസന്ധി രൂക്ഷമായതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഗള്‍ഫിലെ ഏഴു പ്രധാന നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യുദ്ധ സാഹചര്യത്തില്‍ ഇന്ധനവിലയില്‍ ഉണ്ടായ വര്‍ധന, ഇന്‍ഷുറന്‍സ് ചെലവുകള്‍ കൂടിയത്, സുരക്ഷാ ഭീഷണി എന്നിവ കണക്കിലെടുത്താണ് ഇന്‍ഡിഗോ ഈ തീരുമാനം എടുത്തത്. ദോഹ, കുവൈത്ത്, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, ബഹ്‌റയ്ന്‍, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് മാര്‍ച്ച് 28 വരെ റദ്ദാക്കിയത്.

വ്യോമപാതകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പരിമിതികളും കാരണം മാര്‍ച്ച് 16 മുതല്‍ 28 വരെ പശ്ചിമേഷ്യയിലേക്കുള്ള ആഴ്ചയിലെ സര്‍വീസുകള്‍ 252 ആയി കുറച്ചതായി കമ്പനി അറിയിച്ചു. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം ആഗോള വ്യോമയാന മേഖലയിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നും ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി.

Tags: