ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധി: പൈലറ്റ് ഡ്യൂട്ടി നിയമത്തില്‍ ഇളവുമായി ഡിജിസിഎ
ന്യൂഡല്‍ഹി: രാജ്യവ്യാപകമായ ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധിയെ തുടര്‍ന്ന് പൈലറ്റ് ഡ്യൂട്ടി നിയമങ്ങളില്‍ ഇളവ് നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ആഴ്ചാവധിയെ വിശ്രമ സമയമായി കണക്കാക്കാനാവില്ലെന്ന മുന്‍ തീരുമാനം പിന്‍വലിച്ചതോടെയാണ് ഇളവ് പ്രാബല്യത്തില്‍ വന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്‍ഡിഗോ സര്‍വീസുകള്‍ താളം തെറ്റുകയാണ്. ഇന്ന് മാത്രം 700ഓളം സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടപ്പോള്‍, കഴിഞ്ഞ ദിവസം 550 സര്‍വീസുകളും നിലച്ചിരുന്നു. ഇന്ന് ഡല്‍ഹിയില്‍ മാത്രം 235 സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ചെന്നൈ വിമാനത്താവളത്തിലെ ഇന്‍ഡിഗോ സര്‍വീസുകള്‍ വൈകുന്നേരം ആറുവരെ തടസപ്പെടുമെന്നാണ് റിപോര്‍ട്ട്.
മുംബൈ, ബെംഗളൂരു, ഹൈദരാബാദ് അടക്കമുള്ള പ്രധാന എയര്‍പോര്‍ട്ടുകളിലും വ്യാപകമായ റദ്ദാക്കലുകളും വൈകലുകളും തുടരുന്നു. ഇന്‍ഡിഗോ സര്‍വീസുകള്‍ താളം തെറ്റിയതോടെ മറ്റു എയര്‍ലൈന്‍സുകളുടെ ടിക്കറ്റ് നിരക്ക് മൂന്ന് ഇരട്ടിയായി ഉയര്‍ന്നിരുന്നു. ഇന്‍ഡിഗോ പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുകയാണ്. ആഭ്യന്തര വ്യോമയാന മേഖലയില്‍ ഇന്‍ഡിഗോയ്ക്ക് കുത്തക നല്‍കിയതാണു പ്രതിസന്ധിക്ക് കാരണമെന്നും കേന്ദ്രമന്ത്രി പ്രതികരിക്കണമെന്നും പ്രതിപക്ഷ നേതാക്കളടക്കം ആവശ്യപ്പെട്ടു. അതേസമയം, ശൈത്യകാല ഷെഡ്യൂളുകളുടെ സമ്മര്‍ദ്ദത്തോടൊപ്പം ഡിജിസിഎയുടെ പുതുക്കിയ നിയമങ്ങളും ചേര്‍ന്നാണ് സര്‍വീസുകള്‍ താളം തെറ്റിയതെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് ഫെബ്രുവരി 10 വരെ ഇളവ് നല്‍കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
