ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധി: കാരണം കാണിക്കല്‍ നോട്ടിസിന് സിഇഒ ഇന്ന് മറുപടി നല്‍കും; യാത്രക്കാരുടെ ആശങ്ക കുറയ്ക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുമായി റെയില്‍വേ

Update: 2025-12-07 04:51 GMT

ന്യൂഡല്‍ഹി: തുടര്‍ച്ചയായ സര്‍വീസ് റദ്ദാക്കലിനെ തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് ഇന്ന് മറുപടി സമര്‍പ്പിക്കും. ശനിയാഴ്ചയാണ് എല്‍ബേഴ്‌സിലേക്കും ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ഇസിദ്രെ പോര്‍ക്വേരസിലേക്കും ഡിജിസിഎ നോട്ടിസ് നല്‍കിയത്.

വ്യോമയാന നിയമലംഘനവും സര്‍വീസ് ആസൂത്രണവിഭവ ഉപയോഗങ്ങളില്‍ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്. വിശദീകരണമില്ലെങ്കില്‍ ഇരുവര്‍ക്കുമെതിരേ നടപടിയെടുക്കുമെന്ന് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രക്കാരെ കഠിന ബുദ്ധിമുട്ടിലാഴ്ത്തിയതിലും കമ്പനി മേധാവികള്‍ ഉത്തരവാദിത്തം നിറവേറ്റാത്തതിലും വിമര്‍ശനം ഉയര്‍ന്നതോടെയാണ് നടപടി. സര്‍വീസ് തടസ്സത്തെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ ഡിജിസിഎ വെള്ളിയാഴ്ച മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു. റിപോര്‍ട്ട് സമര്‍പ്പിക്കാനായി സമിതിക്ക് രണ്ട് ആഴ്ച സമയം നല്‍കിയിട്ടുണ്ട്.

അതേസമയം, രാജ്യത്തെ നിരവധി നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ വരും ദിവസങ്ങളിലും തടസ്സം തുടരാനിടയുണ്ടെന്നാണ് സൂചന. റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ തുക ഞായറാഴ്ച രാത്രി എട്ടിനകം യാത്രക്കാരുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യണമെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ റീഫണ്ട് നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ബാഗേജ് കൈമാറ്റവും നാളെയോടെ പൂര്‍ത്തിയാക്കുമെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് റെയില്‍വേയും ഇടപെട്ടിട്ടുണ്ട്. ചെന്നൈ എഗ്മോര്‍-ചര്‍ലപ്പള്ളി, സെക്കന്ദരാബാദ്-ചെന്നൈ എഗ്മോര്‍ റൂട്ടുകളില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു. ചെന്നൈ എഗ്മോര്‍-ചര്‍ലപ്പള്ളി എക്‌സ്പ്രസ് സ്‌പെഷ്യല്‍ ശനിയാഴ്ച 11.55ന് എഗ്മോറില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ ഡിസംബര്‍ 7നു രാവിലെ 2 മണിയോടെ ചര്‍ലപ്പള്ളിയില്‍ എത്തും. അതേസമയം, ഡിസംബര്‍ 6 മുതല്‍ 10 വരെ ഓടുന്ന തൃശ്ചിറപ്പള്ളി-ജോദ്ധ്പൂര്‍ ഹംസഫര്‍ എക്‌സ്പ്രസ്, എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, മുംബൈ സിഎസ്ടി-ചെന്നൈ ബീച്ച് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ ഒരു എസി ത്രീടയര്‍ കോച്ച് കൂടി അനുവദിച്ചിട്ടുണ്ട്.

Tags: