കെ ടി ജലീല്‍ ഇക്കുറി തവനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കില്ലെന്ന് സൂചന

Update: 2026-01-16 09:30 GMT

മലപ്പുറം: കെ ടി ജലീല്‍ ഇക്കുറി തവനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കില്ലെന്ന് സൂചന. പെരിന്തല്‍മണ്ണയില്‍ ജലീലിനെ സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎമ്മിന്റെ ആലോചനയെന്നാണ് റിപോര്‍ട്ടുകള്‍.

തവനൂരില്‍ യുവനേതാവ് വി പി സാനു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയമാണ് മണ്ഡലത്തില്‍ നേടിയത്. ഈ സാഹചര്യത്തില്‍ വി പി സാനുവിനെ പോലൊരു യുവനേതാവിനെ മല്‍സരിപ്പിക്കുന്നത് വിജയിച്ചു കയറാന്‍ സഹായകരമാവുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

തവനൂര്‍ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് യുഡിഎഫാണ്. 2020ല്‍ മൂന്ന് പഞ്ചായത്തുകളില്‍ മാത്രം ഭരണം ഉണ്ടായിരുന്ന യുഡിഎഫ് ഇത്തവണ ഉണ്ടായിരുന്ന പഞ്ചായത്തുകള്‍ നിലനിര്‍ത്തുകയും ബാക്കി നാലെണ്ണം എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ലോക്‌സഭ തിരഞ്ഞെടുപ്പിലും തവനൂരില്‍ യുഡിഎഫാണ് മുന്നിലെത്തിയത്.

Tags: