അയര്‍ലാന്‍ഡില്‍ ഇന്ത്യന്‍ യുവതിക്കുനേരെ വംശീയ അതിക്രമം

Update: 2025-10-10 07:16 GMT
ഡബ്ലിന്‍: അയര്‍ലാന്‍ഡില്‍ ഇന്ത്യന്‍ യുവതിക്കുനേരെ വംശീയ അതിക്രമം. ഇന്ത്യക്കാരിയായ സ്വാതി വര്‍മ്മയാണ് ഈയടുത്ത് താന്‍ നേരിട്ട വംശീയാതിക്രമത്തെ കുറിച്ച് തുറന്നുപറഞ്ഞത്. ''ഇന്ത്യയിലേക്ക് മടങ്ങൂ'' എന്ന് ആക്രോശിച്ച് കൊണ്ടാണ് അയര്‍ലന്‍ഡ് വനിതാ തന്നോട് മോശമായി പെരുമാറിയതെന്ന് അവര്‍ പറയുന്നു.

അയര്‍ലാന്‍ഡിലെ ഒരു ജിമ്മിന് സമീപത്തുവച്ച് രാത്രി ഒന്‍പത് മണിയോടെയാണ് തനിക്കുനേരെ ഒരു സ്ത്രീയില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് സ്വാതി പറഞ്ഞു. റോഡില്‍ തടഞ്ഞു നിര്‍ത്തി മോശം ഭാഷയില്‍ സംസാരിച്ചു. 'നീ എന്തിനാണ് അയര്‍ലാന്‍ഡില്‍ വന്നത്, നീ ഇവിടെ എന്താണ് ചെയ്യുന്നത്, നിനക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോയിക്കൂടേ എന്നായിരുന്നു ആ സ്ത്രീ അവരോട് ചോദിച്ചത്.

വംശീയതയ്ക്കും വിദേശീയ വിദ്വേഷത്തിനും ഐറിഷ് സമൂഹത്തില്‍ സ്ഥാനമില്ലെന്ന് ഡല്‍ഹിയിലെ അയര്‍ലന്‍ഡ് എംബസിയും അയര്‍ലന്‍ഡ് ഭരണകൂടവും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും സമാനമായ അതിക്രമങ്ങള്‍ തുടരുകയാണെന്നതിനുള്ള ഏറ്റവും അടുത്ത ഉദാഹരണങ്ങളിലൊന്നാണ് സ്വാതിയുടെ അനുഭവം. ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വംശീയ അതിക്രമങ്ങള്‍ക്ക് കൂടുതല്‍ ഇരയാകുന്നത്.

ഇവിടെ സൗജന്യമായിട്ടല്ല താമസിക്കുന്നതെന്നും നികുതി അടയ്ക്കുകയും അയര്‍ലന്‍ഡിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞിട്ടും ഇന്ത്യയിലേക്ക് മടങ്ങൂ എന്ന് സ്ത്രീ വീണ്ടും ആക്രോശിക്കുകയായിരുന്നുവെന്ന് സ്വാതി പറയുന്നു.

Tags: