ന്യൂയോര്‍ക്ക്: അമേരിക്കയിലെ അല്‍ബാനിയിലുണ്ടായ തീപിടിത്തത്തില്‍ തെലങ്കാന വംശജയായ വിദ്യാര്‍ഥിനി മരിച്ചു.തെലങ്കാനയിലെ ജങ്കാവ് ജില്ലയില്‍ നിന്നുള്ള സഹജ റെഡ്ഡി എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. തൊട്ടടുത്തുള്ള ഒരു കെട്ടിടത്തില്‍ നിന്നാണ് തീ ആദ്യം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് സഹജയുടെ വീട്ടിലേക്ക് തീ പടര്‍ന്നു. തീ പടര്‍ന്നപ്പോള്‍ അവര്‍ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്നും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും റിപോര്‍ട്ടുണ്ട്.
ഹൈദരാബാദിലെ ടിസിഎസില്‍ ജീവനക്കാരനായ ഉദുമുല ജയകര്‍ റെഡ്ഡിയുടെയും സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപികയായ ഗോപുമാരിയ ഷൈലജയുടെയും മൂത്ത മകളായിരുന്നു സഹജ റെഡ്ഡി. 2021 ല്‍ സഹജ ഉന്നത വിദ്യാഭ്യാസത്തിനായി യുഎസിലേക്ക് താമസം മാറിയിരുന്നു.ന്യൂയോര്‍ക്കിലെ അല്‍ബാനിയിലാണ് അവര്‍ താമസിച്ചിരുന്നത്. വിദേശത്തുള്ള മകളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ മാതാപിതാക്കള്‍ സര്‍ക്കാര്‍ സഹായം തേടി.