പേര്‍ഷ്യന്‍ കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ കപ്പലുകള്‍ തിരികെ എത്തിക്കാന്‍ നീക്കം ആരംഭിച്ചു

Update: 2026-03-08 08:10 GMT

ന്യൂഡല്‍ഹി: പേര്‍ഷ്യന്‍ കടലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ ചരക്കുകപ്പലുകള്‍ രാജ്യത്തേക്ക് തിരികെ എത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയെ വിന്യസിക്കുന്നതും പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

പേര്‍ഷ്യന്‍ തീരപ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 37 കപ്പലുകളെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ചരക്കുകപ്പലുകള്‍ക്ക് അകമ്പടി സേവനമായി നാവികസേനയുടെ കപ്പലുകള്‍ വിന്യസിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന. ഏകദേശം 1,500ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചായിരിക്കും കപ്പലുകള്‍ തിരിച്ചെത്തിക്കുന്ന നടപടികള്‍ നടപ്പാക്കുക. നിലവില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളില്‍ ഏകദേശം 10,000ത്തോളം നാവികര്‍ ഉണ്ടെന്നാണ് വിവരം.

കപ്പലുകളില്‍ ഏകദേശം 10 ശതമാനം എണ്ണ ടാങ്കറുകളാണുള്ളത്. ഇവ തിരിച്ചെത്തിയാല്‍ രാജ്യത്തെ എണ്ണ സംഭരണ ശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്ന് പെട്രോളിയം മന്ത്രാലയം വിലയിരുത്തുന്നു. ഗള്‍ഫ് മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനായി ആരംഭിച്ച 'ഓപ്പറേഷന്‍ സങ്കല്‍പ്' ശക്തമാക്കിയതായും കേന്ദ്രം അറിയിച്ചു.

ഇതിനിടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കായി അയയ്‌ക്കേണ്ട ചരക്കുകള്‍ താല്‍ക്കാലികമായി ഇന്ത്യന്‍ തുറമുഖങ്ങളില്‍ സൂക്ഷിക്കണമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം തുറമുഖങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വേഗത്തില്‍ നശിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഗള്‍ഫ് മേഖലയില്‍ നിന്ന് തിരിച്ചെത്തുന്ന കപ്പലുകള്‍ക്ക് പ്രത്യേക ബെര്‍തിങ് സൗകര്യം ഒരുക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Tags: