ന്യൂഡല്‍ഹി: ഇറാനെതിരായ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ പ്രതിസന്ധിയിലായി ഇന്ത്യന്‍ കപ്പലുകള്‍. ഏകദേശം 10,000 കോടി വിലമതിക്കുന്ന ഉത്പന്നങ്ങളുമായി പോയ 27 ഇന്ത്യന്‍ കപ്പലുകളാണ് നടുക്കടലില്‍ കുടുങ്ങിയത്. ഹോര്‍മുസ് കടലിടുക്ക് കടന്നാല്‍ കപ്പലുകള്‍ ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഈ അടിയന്തര സാഹചര്യം പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ കടപ്പലുടമകളുടെ സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ഷിപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ (ഐഎന്‍എസ്എ) കേന്ദ്ര തുറമുഖഷിപ്പിങ് മന്ത്രാലയത്തിന് കത്തയച്ചു. ഒരു ഇന്ത്യന്‍ കപ്പലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായെന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കത്തില്‍ പറയുന്നു. ചില ഇന്ത്യന്‍ കപ്പലുകള്‍ പ്രധാനപ്പെട്ട ഊര്‍ജ്ജ ചരക്കുകള്‍ കയറ്റാനായി ഹോര്‍മുസിന് തെക്ക് കാത്തുകിടക്കുകയാണ് എന്നും ഐഎന്‍എസ്എ കൂട്ടിച്ചേര്‍ത്തു. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കാനായി ഇറാന്‍, ഇസ്രയേല്‍ അധികൃതരുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തണമെന്നും ഇന്ത്യന്‍ കപ്പലുടമകള്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
ഇന്നലെ വൈകുന്നേരമാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചത്. ഇത് മറികടക്കാന്‍ ശ്രമിച്ചാല്‍ ആ കപ്പലുകള്‍ആക്രമിക്കുമെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.കടലിടുക്ക് മുറിച്ചുകടന്ന ആറു കപ്പലുകള്‍ ഇറാന്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ആഗോള എണ്ണയുടെ 20% കൈകാര്യം ചെയ്യുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. അതിനാല്‍ ഈ നീക്കം ആഗോള ഊര്‍ജ്ജ വിപണിയെ അസ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ (എല്‍പിജി) ഏതാണ്ട് 85 ശതമാനവും ഈ പാതയിലൂടെയാണ് വരുന്നത്. അതിനാല്‍ തന്നെ ഇന്ത്യയുടെ ഊര്‍ജ്ജ ഇറക്കുമതിയേയും ഈ നീക്കം ബാധിക്കും.
