ന്യൂഡല്‍ഹി: ശിവാലിക്, നന്ദാദേവി എന്നീ എല്‍പിജി കപ്പലുകള്‍ക്ക് പിന്നാലെ, ജഗ് ലാഡ്കി എന്ന ഇന്ത്യന്‍ കപ്പലും ഹോര്‍മൂസ് കടലിടുക്ക് കടന്നതായി റിപോര്‍ട്ട്. ഞായറാഴ്ച രാവിലെയാണ് ജഗ് ലാഡ്കി എന്ന കപ്പല്‍ ഫുജൈറയില്‍ നിന്നും പുറപ്പെട്ടത്. ഏകദേശം 80,800 ടണ്‍ അസംസ്‌കൃത എണ്ണയുമായാണ് ജഗ് ലാഡ്കി ഇന്ത്യന്‍ തുറമുഖത്തേയ്ക്ക് എത്തുന്നത്. കപ്പലും അതിലുള്ള എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
സംഘര്‍ഷ ബാധിത മേഖലയില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട നാലാമത്തെ ഇന്ത്യന്‍ പതാകയുള്ള കപ്പലാണ് ജഗ് ലാഡ്കി. ശനിയാഴ്ച ഇന്ത്യന്‍ പതാക വഹിച്ച ശിവാലിക്, നന്ദ ദേവി എന്നീ രണ്ടു കപ്പലുകളും ഹോര്‍മുസ് കടലിടുക്ക് കടന്നിരുന്നു. ഗുജറാത്തിലെ മുന്ദ്ര, കണ്ട്‌ല തുറമുഖങ്ങളിലേക്ക് എത്തുന്ന കപ്പലുകള്‍ രാജ്യത്തെ പാചകവാതക ക്ഷാമം പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇനിയും മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് ഇന്ത്യന്‍ കപ്പലുകളെ കൂടി സുരക്ഷിതമായി പുറത്തെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇറാനുമായി ബന്ധപ്പെടുന്നുണ്ട്.