വേനല്‍ തിരക്കിന് ആശ്വാസം; 660 സ്‌പെഷ്യല്‍ ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വേ

Update: 2026-04-21 05:02 GMT

ന്യൂഡല്‍ഹി: വേനല്‍ക്കാലത്തെ അമിത യാത്രാത്തിരക്ക് കണക്കിലെടുത്ത് രാജ്യത്തുടനീളം വിപുലമായ യാത്രാ സൗകര്യങ്ങളൊരുക്കി ഇന്ത്യന്‍ റെയില്‍വേ. വിവിധ റൂട്ടുകളിലായി ഇതുവരെ 660 വേനല്‍ക്കാല പ്രത്യേക ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 11,294 സര്‍വീസുകള്‍ ഈ ട്രെയിനുകള്‍ നടത്തും. മുന്‍കൂട്ടി യാത്രാ പദ്ധതി തയ്യാറാക്കുന്നവര്‍ക്ക് കണ്‍ഫേംഡ് ടിക്കറ്റുകള്‍ ഉറപ്പാക്കാന്‍ ഈ നേരത്തെയുള്ള പ്രഖ്യാപനം സഹായകരമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഘട്ടംഘട്ടമായി പ്രഖ്യാപിക്കുമെന്നും റെയില്‍വേ അറിയിച്ചു.

രാജ്യത്തെ പ്രധാന റെയില്‍വേ സോണുകളെ ഉള്‍പ്പെടുത്തിയാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 3,082 സര്‍വീസുകളുമായി സെന്‍ട്രല്‍ റെയില്‍വേയാണ് ഒന്നാം സ്ഥാനത്ത്. 2,711 സര്‍വീസുകളുമായി ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ രണ്ടാം സ്ഥാനത്തും 2,245 സര്‍വീസുകളുമായി നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ മൂന്നാം സ്ഥാനത്തുമുണ്ട്. ഇതുകൂടാതെ നോര്‍ത്തേണ്‍ റെയില്‍വേ, വെസ്‌റ്റേണ്‍ റെയില്‍വേ, സൗത്ത് സെന്‍ട്രല്‍ റെയില്‍വേ തുടങ്ങിയ സോണുകളും അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തെലങ്കാനയിലെ ചര്‍ലപ്പള്ളിയില്‍ നിന്നുള്ള തിരക്ക് കുറയ്ക്കുന്നതിനായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ പുതിയ സ്‌പെഷ്യല്‍ ട്രെയിനുകളും പ്രഖ്യാപിച്ചു. ജസിദിഹ്, മുസാഫര്‍പൂര്‍, ബറൗണി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. ഏപ്രില്‍ 23 മുതല്‍ മേയ് മൂന്നു വരെയുള്ള കാലയളവിലാണ് ഇവ ഓടുക. ഈ ട്രെയിനുകള്‍ക്കായുള്ള ബുക്കിങ് ഏപ്രില്‍ 20നു ആരംഭിച്ചു. പ്രധാന നഗരങ്ങള്‍ക്കും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും കൂടുതല്‍ കണക്റ്റിവിറ്റി ഉറപ്പാക്കുക, വെയ്റ്റിങ് ലിസ്റ്റ് കുറയ്ക്കുക, കൂടുതല്‍ യാത്രക്കാര്‍ക്ക് ബെര്‍ത്ത് ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സീസണിലെ തിരക്ക് മുന്‍കൂട്ടി കണ്ട് റെയില്‍വേ നടത്തുന്ന ഈ വിപുലമായ ഒരുക്കങ്ങള്‍ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

Tags: