മുംബൈ: വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരേ ഇന്ത്യന്‍ കറന്‍സി വെള്ളിയാഴ്ച ഒറ്റദിവസം 93 പൈസയുടെ നഷ്ടം രേഖപ്പെടുത്തി. ഡോളറൊന്നിന് 89.61 രൂപ എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ആദ്യമായാണ് ഡോളറുമായി രൂപയുടെ മൂല്യം 89 രൂപ എന്ന നിരക്കിലേക്ക് താഴുന്നത്. വ്യാഴാഴ്ചയും രൂപയുടെ മൂല്യത്തില്‍ 20 പൈസയുടെ ഇടിവുണ്ടായിരുന്നു. അന്ന് 88.68 രൂപ എന്ന നിലയിലായിരുന്നു ക്ലോസിംഗ്. ഇന്ത്യ അമേരിക്ക വ്യാപാരകരാറിനെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വമാണ് വിപണിയില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. കരാര്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങല്‍ താത്കാലികമായി നിര്‍ത്തിവച്ചതും വിപണിയെ ബാധിച്ച ഘടകമായി കാണുന്നു.
അതേസമയം, യൂറോ, യെന്‍, പൗണ്ട് എന്നിവ ഉള്‍പ്പെടുന്ന ആറു പ്രധാന കറന്‍സികള്‍ക്കെതിരായ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് നൂറിന് മുകളിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 98 നിരക്കിലായിരുന്നു ഇന്‍ഡക്‌സ്. ഡോളറിന്റെ കരുത്ത് വര്‍ധിച്ചതോടെ ഇറക്കുമതി ചെലവുകള്‍ ഉയര്‍ന്നേക്കും. അസംസ്‌കൃത എണ്ണ, സ്വര്‍ണം, ഇലക്ട്രോണിക്‌സ്, മറ്റ് അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതിവില വര്‍ധിക്കുന്നതോടെ പ്രാദേശിക വിപണികളിലും വിലക്കയറ്റം പ്രതിഫലിക്കാനാണ് സാധ്യത. പ്രവാസികള്‍ക്ക് ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ രൂപ ലഭിക്കുമെന്നത് ആശ്വാസമായി കണക്കാക്കുന്നു.
