''ഇന്ത്യന്‍ യുദ്ധവിമാനം വീണതല്ല, എന്തുകൊണ്ട് വീണു എന്നതാണ് പ്രധാനം'': സംയുക്ത സൈനിക മേധാവി

Update: 2025-05-31 12:08 GMT

ന്യൂഡല്‍ഹി: ഇന്ത്യപാക് സംഘര്‍ഷത്തിനിടെ ഇന്ത്യയുടെ യുദ്ധവിമാനം തകര്‍ന്നുവീണതായും അത് സംഭവിക്കാനിടയായ സാഹചര്യം സംബന്ധിച്ചാണ് സംസാരിക്കേണ്ടതെന്നും സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. നാല് ദിവസം നീണ്ട സംഘര്‍ഷം ഒരിക്കല്‍ പോലും ആണവയുദ്ധത്തിന്റെ വക്കില്‍ എത്തിയിട്ടില്ലെന്നും സിങ്കപ്പൂരില്‍ ബ്ലൂംബെര്‍ഗ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

''വിമാനം വീണു എന്നതല്ല, എന്തുകൊണ്ടാണ് വീണത് എന്നതായിരുന്നു പ്രധാനം. പിന്നീട് ഞങ്ങള്‍ യുദ്ധതന്ത്രത്തിലെ പിഴവുകള്‍ തിരിച്ചറിയുകയും പരിഹരിക്കുകയും മേയ് 7, 8,10 തീയതികളില്‍ പാക്കസ്താനിലെ വ്യോമതാവളങ്ങളിലടക്കം കനത്ത പ്രഹരമേല്‍പ്പിക്കുകയും ചെയ്തു. അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു''-അനില്‍ ചൗഹാന്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ആറ് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ തകര്‍ന്നെന്ന പാകിസ്താന്റെ വാദം തീര്‍ത്തും തെറ്റാണ്. ഇന്ത്യയുടെ എത്ര വിമാനങ്ങള്‍ തകര്‍ന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇന്ത്യപാക് സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് സേനയ്ക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.