യൂറോപ്യന്‍ ശൃംഖല വിപുലീകരിച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സ്; റോമും ഹീത്രൂവും പുതിയ ലക്ഷ്യസ്ഥാനങ്ങള്‍

Update: 2025-12-26 09:16 GMT

ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വിമാന കണക്റ്റിവിറ്റി കൂടുതല്‍ ശക്തമാക്കുന്നതിനായി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ റോമിലേക്കുള്ള (ഇറ്റലി) സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. അതേസമയം, ഇന്‍ഡിഗോ ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുമെന്നും അറിയിച്ചു. ഇതോടെ അടുത്ത വര്‍ഷം മുതല്‍ ഇന്ത്യ-യൂറോപ്പ് വിമാന യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട് കണക്റ്റിവിറ്റിയാണ് ലഭിക്കുക. 2020ന്റെ തുടക്കംവരെ ഡല്‍ഹി-റോം റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ, കോവിഡ്19 മഹാമാരിയെ തുടര്‍ന്ന് വിമാനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇറ്റാലിയന്‍ തലസ്ഥാനത്തേക്കുള്ള എയര്‍ ഇന്ത്യയുടെ തിരിച്ചുവരവ്. 2026 മാര്‍ച്ച് 25 മുതല്‍ ഡല്‍ഹിക്കും റോമിലെ ലിയോണാര്‍ഡോ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളമായ ഫിയുമിസിനോയിലേക്കും ആഴ്ചയില്‍ നാലു തവണ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ബോയിങ് 7878 വിമാനങ്ങള്‍ ഉപയോഗിച്ച് തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് എയര്‍ ഇന്ത്യയുടെ വളരുന്ന യൂറോപ്യന്‍ ശൃംഖലയുടെ വിപുലീകരണത്തിന്റെ ഭാഗമാണെന്നും കമ്പനി വ്യക്തമാക്കി. ഇന്‍ഡിഗോ ഡല്‍ഹി-ലണ്ടന്‍ ഹീത്രൂ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുന്നതോടെ, ലണ്ടനിലേക്കുള്ള ഇന്‍ഡിഗോയുടെ ആകെ സര്‍വീസുകള്‍ ആഴ്ചയില്‍ 12 ആയി ഉയരും. നിലവില്‍ മുംബൈ-ഹീത്രൂ റൂട്ടില്‍ ഇന്‍ഡിഗോ പ്രതിദിനം നേരിട്ടുള്ള സര്‍വീസ് നടത്തുന്നുണ്ട്. 'ലോകത്തിന്റെ കൂടുതല്‍ ഭാഗങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിക്കുക എന്നത് ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇന്ത്യക്കും ഇറ്റലിക്കും സംസ്‌കാരം, വ്യാപാരം, വാണിജ്യം എന്നിവയില്‍ ആഴത്തിലുള്ള ബന്ധങ്ങളുണ്ട്. അതുകൊണ്ടുതന്നെ റോമിന്റെ കൂട്ടിച്ചേര്‍ക്കല്‍ എയര്‍ ഇന്ത്യയുടെ വിപുലീകരിക്കുന്ന ശൃംഖലയിലേക്കുള്ള സ്വാഭാവികമായ ഒരു ഘടകമാണ്,' എയര്‍ ഇന്ത്യയുടെ ചീഫ് കൊമേര്‍ഷ്യല്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.

റോം സര്‍വീസ് ആരംഭിക്കുന്നതോടെ എയര്‍ ഇന്ത്യ യൂറോപ്പിലെ എട്ടു ലക്ഷ്യസ്ഥാനങ്ങളിലേക്കും യുകെയിലെ മൂന്നു നഗരങ്ങളിലേക്കും സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍സായി മാറും. രണ്ടു തലസ്ഥാന നഗരങ്ങള്‍ക്കിടയില്‍ നേരിട്ടുള്ള വിമാന ബന്ധം വര്‍ധിപ്പിക്കുന്നതോടൊപ്പം, ഇറ്റലിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഡല്‍ഹി ഹബ് വഴി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കന്‍ ഏഷ്യയിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്കും തടസ്സമില്ലാത്ത യാത്ര തുടരാനാകും എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Tags: