കനത്ത വില നല്‍കേണ്ടി വന്നാലും ഇന്ത്യ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും: നരേന്ദ്ര മോദി

Update: 2025-08-07 06:17 GMT

ന്യൂഡല്‍ഹി: കനത്ത വില നല്‍കേണ്ടി വന്നാലും ഇന്ത്യ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ തുടര്‍ന്ന് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ തുടര്‍ന്നാണ് പ്രതികരണം.

കര്‍ഷകരുടെയും മല്‍സ്യത്തൊഴിലാളികളുടെയും ക്ഷീരകര്‍ഷകരുടെയും താല്‍പ്പര്യങ്ങളില്‍ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്കാണ് ഞങ്ങള്‍ക്ക് ഏറ്റവും മുന്‍ഗണന. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകര്‍ഷകരുടെയും താല്‍പ്പര്യങ്ങളില്‍ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഇതിനായി വ്യക്തിപരമായി വില നല്‍കാന്‍ ഞാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ ഉത്തരവ് പ്രകാരം, യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ 50 ശതമാനമായി ഉയര്‍ത്തും. ഇതില്‍, നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം നികുതി ഓഗസ്റ്റ് 7 മുതല്‍ പ്രാബല്യത്തില്‍ വരും, ബുധനാഴ്ച പ്രഖ്യാപിച്ച അധിക നികുതി ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരും.റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുന്നതിന് മറുപടിയായി അധിക തീരുവ ചുമത്താനുള്ള യുഎസ് തീരുമാനത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.

Tags: