'ഇന്ത്യ ആരുടെയും മുന്നില്‍ മുട്ടുകുത്തില്ല'; ഇത് ഇന്ത്യയുടെ സമയമാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍
ന്യൂഡല്‍ഹി: ഇന്ത്യ ആരുടെയും മുന്നില്‍ മുട്ടുകുത്തില്ലെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'രാജ്യത്തിന്റെ മനോവീര്യം വര്‍ധിച്ചു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ വളരെയധികം ശക്തിയുണ്ട്., ഇന്ത്യ ശക്തമായ ഒരു രാഷ്ട്രമായി ഉയര്‍ന്നുവരും,' പീയുഷ് ഗോയല്‍ പറഞ്ഞു.
'ലോകം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര വ്യാപാരം പുതിയ വഴികള്‍ കണ്ടെത്തിക്കൊണ്ടിരിക്കയാണെന്നും പറഞ്ഞ പീയുഷ് ഗോയല്‍ . ഇന്ന് നമ്മള്‍ കാണുന്നത് ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ സംഭവിക്കുന്ന ഒരു രീതിയാണെന്നും പറഞ്ഞു. പുതിയ രാജ്യങ്ങള്‍ ഉയര്‍ന്നുവരുന്നു, ചിലത് തകരുന്നു. ഇത് ഇന്ത്യയുടെ സമയമാണെന്നും ഗോയല്‍ അവകാശവാദമുന്നയിച്ചു.
ലോകം ആഗോളവല്‍ക്കരണത്തെ ഒഴിവാക്കുകയാണെന്ന ആശയം തെറ്റാണെന്ന് പറഞ്ഞ ഗോയല്‍, എല്ലാ രാജ്യങ്ങളും അവരുടെ വ്യാപാര പാതകളും പങ്കാളികളും പുനഃക്രമീകരിക്കുകയാണെന്ന് വാദിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം ഇന്ത്യ കൂടുതല്‍ കയറ്റുമതി ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താരിഫ് യുദ്ധത്തിനുശേഷം ഉയര്‍ന്നുവന്ന വ്യാപാര തടസ്സങ്ങള്‍ നീക്കുന്നതിനുള്ള നടപടികള്‍ ഇതിനകം നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.