ഇന്ത്യ-യുഎസ് കരാര്‍ റഷ്യയുമായുള്ള ബന്ധത്തെ ബാധിക്കില്ല: സെര്‍ജി റിയാബ്‌കോവ്
ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക വ്യാപാരകരാര്‍ റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യ ഉപമന്ത്രിയായ സെര്‍ജി റിയാബ്‌കോവ് വ്യക്തമാക്കി. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനകളില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും, മോസ്‌കോയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാകില്ലെന്ന പ്രത്യാശയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ബ്രിക്‌സ് ഉന്നതനേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ന്യൂഡല്‍ഹിയിലെത്തിയ റിയാബ്‌കോവ് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു. ഇന്ത്യ-റഷ്യ ബന്ധം ദീര്‍ഘകാലമായുള്ള വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നേറുന്നതെന്നും, പുതിയ വ്യാപാരകരാര്‍ ഇരുരാജ്യബന്ധത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കില്ലെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-റഷ്യ വ്യാപാരം നിലവില്‍ ഉയര്‍ന്ന നിലയിലാണെങ്കിലും സഹകരണ സാധ്യതകള്‍ ഇനിയും വിപുലമാണെന്ന് റിയാബ്‌കോവ് ചൂണ്ടിക്കാട്ടി. ഇന്ത്യയെപ്പോലെ അതിവേഗം വളരുന്ന രാജ്യവുമായി എല്ലാ മേഖലകളിലും സഹകരിക്കാന്‍ റഷ്യ സന്നദ്ധമാണെന്നും, വരാനിരിക്കുന്ന ഉന്നതതല കൂടിക്കാഴ്ചകളിലൂടെ വ്യാപാരത്തിലും നിക്ഷേപത്തിലും കൂടുതല്‍ പുരോഗതി കൈവരിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
താരിഫുകളും മറ്റു നിയന്ത്രണങ്ങളും ഒരു രാജ്യത്തെ അധീനപ്പെടുത്താനുള്ള മാര്‍ഗങ്ങളാണെന്നും, ബ്രിക്‌സ് പാശ്ചാത്യ വിരുദ്ധ വേദിയാണെന്ന യുഎസ് വിലയിരുത്തല്‍ തെറ്റാണെന്നും റിയാബ്‌കോവ് അഭിപ്രായപ്പെട്ടു. നിക്ഷേപവും വ്യാപാരവും സുഗമമാക്കുകയാണ് ബ്രിക്‌സിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ജനങ്ങളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള സൈനിക നടപടിയാണെന്നായിരുന്നു റിയാബ്‌കോവിന്റെ വിശദീകരണം.
