ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിക്കും; നീക്കം അഞ്ചുവർഷത്തെ ഇടവേളക്ക് ശേഷം
ന്യൂഡൽഹി: ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിക്കും. അഞ്ചുവർഷത്തെ നീണ്ട ഇടവേളക്കു ശേഷമാണ് തീരുമാനം.വ്യാഴാഴ്ച മുതൽ നടപടിക്രമങ്ങൾ ആരംഭിക്കുമെന്നാണ് സൂചന.
2020-ൽ, കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ എല്ലാ ടൂറിസ്റ്റ് വിസകളും താൽക്കാലികമായി നിർത്തിവച്ചിരുന്നു. പകർച്ചവ്യാധിയുടെ സമയത്ത് ഇന്ത്യൻ പൗരന്മാർക്കും മറ്റ് വിദേശികൾക്കും ചൈന വിസകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു, എന്നാൽ 2022-ൽ വിദ്യാർഥികൾക്കും ബിസിനസ് യാത്രക്കാർക്കും ഉള്ള വിസ നിയന്ത്രണങ്ങൾ നീക്കി. എന്നിരുന്നാലും, നിരവധി ഇന്ത്യൻ വിദ്യാർഥികൾക്ക് ചൈനയിലേക്ക് മടങ്ങാൻ അനുവാദം ലഭിച്ചിരുന്നില്ല.
ഇന്ത്യയുമായി ആശയവിനിമയവും കൂടിയാലോചനയും നിലനിർത്താനും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യക്തിഗത വിനിമയ നിലവാരം നിരന്തരം മെച്ചപ്പെടുത്താനും ചൈന തയ്യാറാണെന്ന് വക്താവ് ഗുവോ ജിയാകുൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.