റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് റിപോര്‍ട്ടുകള്‍

Update: 2026-02-08 06:04 GMT

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പൂര്‍ണ്ണമായും അവസാനിപ്പിക്കും. ഇത് നിരീക്ഷിക്കാന്‍ അമേരിക്കന്‍ വാണിജ്യ വകുപ്പിനെ ചുമതലപ്പെടുത്തി. റഷ്യക്ക് പകരം അമേരിക്കയില്‍ നിന്നുള്ള ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ കൂടുതല്‍ വാങ്ങും.വരും പതിറ്റാണ്ടുകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കും.

നേരത്തെ, റഷ്യ-യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ ട്രംപ് ഭരണകൂടം കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്ക് മേല്‍ അധിക നികുതി ചുമത്തിയത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ നികുതി കുറയ്ക്കാന്‍ ധാരണയാവുകയായിരുന്നു.

റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി അവസാനിപ്പിക്കാമെന്ന ഇന്ത്യയുടെ ഉറപ്പിന് പിന്നാലെ, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം അധിക നികുതി പിന്‍വലിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു. റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് മേല്‍ ചുമത്തിയിരുന്ന ഈ പിഴശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള ഔദ്യോഗിക എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു.ഇന്ത്യ നേരിട്ടോ അല്ലാതെയോ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തുമെന്ന് ഉറപ്പുനല്‍കിയതായും, പകരം അമേരിക്കയില്‍ നിന്നുള്ള ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സമ്മതിച്ചതായും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ഈ നീക്കം റഷ്യയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കാം. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് കണക്കിലെടുത്തായിരുന്നു ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയിരുന്നത്.

Tags: