ആഗോള ധാതു വിതരണ ചര്‍ച്ചകള്‍ക്ക് ഇന്ത്യക്ക് നിര്‍ണായക സ്ഥാനം; ജി7 യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണം

Update: 2026-01-11 09:24 GMT

ന്യൂഡല്‍ഹി: നിര്‍ണായക ധാതുക്കളുടെ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ജി7 രാജ്യങ്ങളുടെ ധനമന്ത്രിമാരുടെ യോഗത്തിലേക്ക് ഇന്ത്യയെയും ആസ്ട്രേലിയയെയും ക്ഷണിച്ചതായി റിപോര്‍ട്ട്. ആഗോള തലത്തില്‍ നിര്‍ണായക ധാതുക്കളുടെ കാര്യത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ചൈനയെ ജി7 സമ്പദ്വ്യവസ്ഥകള്‍ അമിതമായി ആശ്രയിക്കുന്ന സാഹചര്യം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

നിര്‍ണായക ധാതുക്കള്‍ക്കായുള്ള ചര്‍ച്ചകള്‍ക്കായി നടക്കുന്ന യോഗത്തില്‍ ഇന്ത്യ, ആസ്ട്രേലിയ എന്നിവയ്ക്കൊപ്പം മറ്റു ചില രാജ്യങ്ങളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞതായി റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു. ഡിസംബറില്‍ ഈ വിഷയത്തില്‍ ധനമന്ത്രിമാര്‍ ഒരു വെര്‍ച്വല്‍ യോഗം നടത്തിയിരുന്നുവെന്നും, എന്നാല്‍ തിങ്കളാഴ്ച നടക്കുന്ന യോഗത്തിലേക്കുള്ള ക്ഷണം ഇന്ത്യ ഔദ്യോഗികമായി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ബെസെന്റ് വ്യക്തമാക്കി. ജി7യില്‍ അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്നു.

വിതരണ ശൃംഖലകളിലെ തടസ്സങ്ങളെക്കുറിച്ചുള്ള വര്‍ധിച്ച ആശങ്കകളുടെ പശ്ചാത്തലത്തില്‍, കഴിഞ്ഞ വേനല്‍ക്കാലത്ത് നടന്ന ജി7 നേതാക്കളുടെ ഉച്ചകോടി മുതല്‍ നിര്‍ണായക ധാതുക്കള്‍ കേന്ദ്രീകരിച്ച ചര്‍ച്ചകള്‍ക്ക് യുഎസ് ശക്തമായി സമ്മര്‍ദം ചെലുത്തുന്നുവെന്ന് ബെസെന്റ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഉല്‍പാദക രാജ്യമായ ചൈന കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങളാണ് നിര്‍ണായക ധാതുക്കളുടെ ആഗോള വിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. ലിഥിയം, കൊബാള്‍ട്ട്, ഗ്രാഫൈറ്റ് തുടങ്ങിയ അപൂര്‍വ ഭൗമ ലോഹങ്ങളുടെ വിതരണത്തില്‍ ജി7 സമ്പദ്വ്യവസ്ഥകളടക്കം നിരവധി രാജ്യങ്ങള്‍ ഇപ്പോഴും ചൈനയെ വലിയ തോതില്‍ ആശ്രയിച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂണില്‍ നടന്ന ജി7 യോഗത്തില്‍, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിനും ഏതെങ്കിലും ഒരു രാജ്യത്തെ ആശ്രിതത്വം കുറയ്ക്കുന്നതിനുമായി ഒരു കര്‍മപദ്ധതിക്ക് നേതാക്കള്‍ അംഗീകാരം നല്‍കിയതായും റോയിട്ടേഴ്സ് റിപോര്‍ട്ട് വ്യക്തമാക്കുന്നു.

വൈദ്യുത വാഹനങ്ങള്‍, പുനരുപയോഗ ഊര്‍ജം, പ്രതിരോധ ഉപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകള്‍ക്ക് അത്യാവശ്യമായ നിര്‍ണായക ധാതുക്കുകളുമായി ബന്ധപ്പെട്ട ആഗോള ചര്‍ച്ചകളില്‍ ഇന്ത്യ സജീവമായി ഇടപെട്ടുവരികയാണ്. 2023ല്‍ സാമ്പത്തികവും ദേശീയ സുരക്ഷയ്ക്കും നിര്‍ണായകമായ 30 ധാതുക്കളെ ഇന്ത്യ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് ഖാനിജ് വിദേശ് ഇന്ത്യ ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങളുടെയും സംസ്ഥാന പിന്തുണയുള്ള സംരംഭങ്ങളുടെയും പങ്കാളിത്തത്തിലൂടെ വിദേശ വിതരണങ്ങള്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി.

അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ റിപോര്‍ട്ട് പ്രകാരം, ചെമ്പ്, ലിഥിയം, കൊബാള്‍ട്ട്, ഗ്രാഫൈറ്റ് തുടങ്ങിയ പ്രധാന ധാതുക്കളുടെ 47 മുതല്‍ 87 ശതമാനം വരെ ശുദ്ധീകരിക്കുന്ന ചൈന നിലവില്‍ ആഗോള നിര്‍ണായക ധാതു വിതരണ ശൃംഖലയില്‍ നിര്‍ണായക സ്വാധീനം പുലര്‍ത്തുന്നുണ്ട്. സെമികണ്ടക്ടറുകള്‍, ശുദ്ധ ഊര്‍ജ സാങ്കേതികവിദ്യകള്‍, ബാറ്ററികള്‍, സൈനിക ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ ധാതുക്കള്‍ അനിവാര്യമാണ്.

ഇതിനിടെ, വിദേശത്ത് നിര്‍ണായക ധാതു ആസ്തികള്‍ ഏറ്റെടുക്കുന്നതിലെ പുരോഗതിയും ധാതുക്കളുടെ പുനരുപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള 1,500 കോടി രൂപയുടെ പ്രോല്‍സാഹന പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച അവലോകനം ചെയ്തിരുന്നു. ഖനി മന്ത്രാലയത്തിന്റെ ത്രൈമാസ മേഖലാ അവലോകനത്തിന്റെ ഭാഗമായാണ് ചര്‍ച്ച നടന്നത്. വൈദ്യുത മൊബിലിറ്റി, പുനരുപയോഗ ഊര്‍ജം, ഇലക്ട്രോണിക്‌സ്, പ്രതിരോധം തുടങ്ങിയ ഉയര്‍ന്ന ആവശ്യകതയുള്ള മേഖലകള്‍ക്ക് സ്ഥിരതയുള്ള നിര്‍ണായക ധാതു വിതരണ ശൃംഖലകള്‍ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തിന്റെ ദീര്‍ഘകാല സാമ്പത്തികവും തന്ത്രപരവുമായ താല്‍പര്യങ്ങള്‍ക്ക് വിദേശ ആസ്തി ഏറ്റെടുക്കലുകള്‍ നിര്‍ണായകമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

Tags: